1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, May 18, 2010

അവാര്‍ഡുകളില്‍ സായൂജ്യമടയുന്നവര്‍

ജിദ്ദയിലെ സാഹിത്യ സാംസ്കാരിക പരിപാടികളുടെ മറവില്‍ ചിലര്‍ പരസ്പരം നടത്തിയിരുന്ന അവാര്‍ഡ്, പുസ്തകപ്രകാശന കോമാളിത്തരങ്ങള്‍ക്ക് അമിതമായ പ്രോല്‍സാഹനം നല്കിയിരുന്ന പത്രങ്ങള്‍ക്കെതിരെ എഴുതിയ കത്ത് “നന്നായി” എഡിറ്റു ചെയ്തിട്ടാണെങ്കിലും മലയാളം ന്യൂസ്‌ പ്രസിദ്ധീകരിച്ചു. (07 Oct. 99 Malayalam News)

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജിദ്ദയിലെ ഷറഫിയ്യയിലും മറ്റും ഹോട്ടലുകളില്‍ അമ്പതു മുതല്‍ മുന്നൂറു പേര്‍ക്ക് വരെ ഇരിക്കാവുന്ന ഹാളുകള്‍ സജ്ജമായി. മത രാഷ്ട്രീയ പ്രാദേശിക, കൂട്ടായ്മകള്‍ക്ക് പ്രത്യേകമായ കലാ സാംസ്കാരിക സംഘടനകള്‍ അനുദിനം പിറവിയെടുത്തു തുടങ്ങി. ഇവരുടെ ആഭിമുഖ്യത്തില്‍ കലാ,കായിക,സാംസ്കാരിക, പാചക മല്‍സരങ്ങള്‍, സ്വീകരണ, ഉത്ഘാടന പരിപാടികള്‍ തുടങ്ങിയവകൊണ്ട് പ്രവാസികളുടെ അവധി ദിനങ്ങള്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചു. ഇതു സംഘടനകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിലും പാരവെപ്പിലും കലാശിക്കാന്‍ തുടങ്ങി. താല്‍കാലിക വിദ്വേഷം മുഖേന സംഭവിക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് എഴുതിയ കത്ത്. (29 Feb 99 Malayalam News)
കലാ സാംസ്കാരിക പരിപാടികള്‍ക്ക് പുറമേ കേരളീയര്‍ ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ഒക്കെ സാധ്യമായ രീതിയില്‍ ആഘോഷിച്ചു. ഏഷ്യാനെറ്റ് പ്രവാസികള്‍ക്കായി ഗ്ലോബല്‍ ചാനലും ഗള്‍ഫ്‌ മാധ്യമം, മലയാളം ന്യൂസ്‌ എന്നീ പത്രങ്ങളും പ്രസിദ്ധീകരണം ആരംഭിച്ചതോടെ ഗള്‍ഫു മലയാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിവിധ പരിപാടികളുടെ ന്യൂസ്‌ റിപ്പോര്‍ട്ടുകള്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിക്കാനും മത്സരിച്ചു.
പക്ഷെ ചില നിക്ഷിപ്ത താല്പര്യക്കാര്‍ സൗദിയില്‍ വളരെ പരസ്യമായി നടത്തുന്ന ഇത്തരം പരിപാടികള്‍ കണ്ടില്ലെന്നു നടിച്ചു ചാനല്‍ ഫോണ്‍ ഇന്‍-പരിപാടികളിലും മറ്റും സൗദി അറേബ്യയെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഏഷ്യാനെറ്റ് ചാനലിലെ ‘എഴുത്തുപ്പെട്ടി’ എന്ന പ്രോഗ്രാമില്‍ 31 Jan 2000 ല്‍ വായിച്ച കത്ത്.

No comments: