1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം
Showing posts with label ജിദ്ദയിലെ ‘ഫോറങ്ങള്‍’. Show all posts
Showing posts with label ജിദ്ദയിലെ ‘ഫോറങ്ങള്‍’. Show all posts

Tuesday, November 12, 2013

സൗദിയിലെ നിതാഖാത്ത്: മത - മഹല്ല് കൂട്ടായ്മകളും ഇടപെടണം

സൗദി അറേബ്യന്‍ ഗവര്‍മെന്റ് പുതുതായി കൊണ്ടുവന്ന നിതാഖാത്‌ പദ്ധതി പരിപൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവ് നല്‍കിയ പ്രത്യേക ഇളവിന്റെ കാലാവധി ഈ മാസാദ്യം  അവസാനിച്ചു 2011 നവംബറിലാണ് സൗദി പരമോന്നത സഭ തൊഴില്‍നിയമ വ്യവസ്ഥ ക്രമീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്.. വിഷയത്തിന്‍റെ ഗൌരവം മനസ്സിലാക്കി സൗദി – ഇന്ത്യന്‍ വിദേശകാര്യാലയങ്ങളും ക്രിയാത്മകമായ ഇടപെടലുകളും മുന്നൊരുക്കങ്ങളും നടത്തികൊണ്ടിരിക്കുന്നതും സ്വാഗതാര്‍ഹമാണ്.

ഇളവ്‌ കാല പ്രഖ്യാപനത്തിനു ശേഷം ഹുറൂബില്‍ അകപ്പെട്ടവര്‍, ഇളവ്‌ കാലം മുഴുവന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടും രേഖകള്‍ ശരിയാക്കാന്‍ സാധിക്കാത്തവര്‍, ഇളവ്‌ കാലം കഴിയും വരെ തൊഴില്‍ സ്ഥാപനം രേഖകള്‍ വാങ്ങി വെക്കുകയും അവസാന ഘ്ട്ടത്തില്‍ കയ്യൊഴിഞ്ഞ് രേഖകള്‍ തിരിച്ചു കൊടുത്തവര്‍ ഇങ്ങനെയുള്ള ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പ്രത്യാശയറ്റ് കഴിയുകയാണിവിടെ.

നാട്ടിലെ എല്ലാ മത സംഘടനകളുടെയും ഗള്‍ഫ് ചാപ്റ്ററുകള്‍, പ്രാദേശിക - സയുക്ത മഹല്ല് കമ്മിറ്റികള്‍, റിലീഫ്‌ കൂട്ടായ്മകള്‍ തുടങ്ങിയ നൂറുകണക്കിന് സംഘടനകള്‍ സൌദിയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഒരു വേള രാഷ്ട്രീയ സംഘടനകളേക്കാള്‍ പതിന്മടങ്ങ് ആള്‍ ശേഷിയും സാമ്പത്തിക ഭദ്രതയും സൗദി സര്‍ക്കാറിന്റെ പല കേന്ദ്രങ്ങളിലും സ്വാധീനമുള്ളവരുമാണ് പല സംഘടനകളും.

സാമൂഹ്യ ജീവിതത്തിലെ സാഹോദര്യ ബന്ധവും ഒരു സഹോദരന്‍റെ വിഷമം തീര്‍തത്തുകൊടുത്താല്‍ ലഭിക്കുന്ന പുണ്യത്തിന്റെ മികവും പഠിപ്പിച്ചുകൊടുക്കുന്ന മതസംഘടന പ്രതിനിധികളെയൊന്നും പ്രത്യാശയറ്റ് രാപകല്‍ ഭേദമന്യേ ആയിരക്കണക്കിന് പ്രവാസികള്‍ തടിച്ചുകൂടുന്ന തര്‍ഹീലുകള്‍, മറ്റു നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവിടങ്ങളിലൊന്നും കണ്ടതേയില്ല. വിരലിലെണ്ണാവുന്നവര്‍ക്ക് ചിലയിടങ്ങളില്‍ നടത്തിയ സഹായ വിതരണവും ഏതാനും ദിവസങ്ങളില്‍ നടത്തിയ ഭക്ഷണ വിതരണവും മറക്കുന്നില്ല.



അതിനാല്‍ തങ്ങളുടെ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവാസികളുടെ പ്രശ്നങ്ങളുമായി ഇത്തരം കേന്ദ്രങ്ങളില്‍ കയറിചെല്ലാനും കഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങള്‍ പരിഹരിച്ച്‌ കൊടുക്കുന്നതിനുനു സഹായിക്കാനും ഇവിടത്തെ മത – മഹല്ല് - റിലീഫ് കൂട്ടായ്മകള്‍ മടിച്ചു നില്കുന്നത് എന്തുകൊണ്ടാണ്?. ഇത്തരം സേവനപ്രവര്‍ത്തനങ്ങളില്‍ വിരലിലെണ്ണാവുന്ന രാഷ്ട്രീയ സംഘടനകള്‍ മാത്രം ഇടപെട്ടാല്‍ മതിയോ?

ഏറെ കാലത്തെ കാത്തിരിപ്പിനും പ്രയാസങ്ങള്‍ക്കും ശേഷം രേഖകള്‍ ശരിയാക്കിയ ആയിരങ്ങള്‍  നമ്മുടെ ദേശീയ വിമാന കമ്പനിയുടെ കഴുത്തറപ്പന്‍ ചാര്‍ജ് കൂടി നല്‍കി കിട്ടിയ വണ്ടിക്കു നാടുപിടിച്ചതിനു ശേഷമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌജന്യ ടിക്കെറ്റ്, മറ്റാനുകൂല്യങ്ങള്‍ എന്നിവ അര്‍ഹതപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരാനും അവര്‍ക്ക് മാത്രം ലഭ്യമാക്കാനും എല്ലാവരും രംഗത്തിറങ്ങേണ്ടതുണ്ട്.

കൂടാതെ ഭീമമായ സംഖ്യ കടവും ഒട്ടേറെ രോഗങ്ങളുമായി തിരിച്ചുപോകേണ്ടിവരുന്ന പ്രവാസിക്ക്‌ മഹല്ല് അടിസ്ഥാനത്തിലും മറ്റും പുനരധിവാസവും ഇതര സഹായങ്ങളും നല്‍കി ജിവിതം കരുപ്പിടിപ്പിക്കാനും അവസരത്തിനൊത്തുണര്‍ന്നു മുന്നിട്ടിറങ്ങാന്‍ നിങ്ങള്‍ക്കും ബാധ്യതയില്ലേ? പ്രവാസികളുടെ വിയര്‍പ്പും ആത്മാര്‍ഥമായ പരിശ്രത്തിന്‍റെ കൂടി ഫലമാണ് നാട്ടില്‍ ഇന്ന് വളര്‍ന്നു വലുതായ മത,സാംസ്കാരിക,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണളുടെയും വിജയരഹസ്യമെന്നത് ആരും മറക്കരുത്. (Published in Madhyamam  and Thejas 11&12- Nov 2013)







Tuesday, May 28, 2013

സൗദി ഔട്ട്‌പാസുകാരുടെ മടക്കയാത്ര: നാട്ടില്‍ നിന്നും മുറവിളി ഉയരണം




സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച വിവിധ നിലക്കുള്ള ഇളവുകള്‍ ഉപയോഗപ്പെടുത്തി ഏതാണ്ട് അര ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാര്‍ അടുത്ത ജൂലായ്‌ മൂന്നിനു മുമ്പായി നാട്ടിലേക്ക്‌ എത്താനുള്ള അടിയന്തിര യാത്ര രേഖകള്‍ക്ക് വേണ്ടി ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞു. അവസരത്തിനൊത്ത് ഉണര്‍ന്ന്‌ കൊണ്ട് സൗദി – വിദേശകാര്യാലയങ്ങളും അനുകൂലമായ പല ചുവടുവെപ്പുകളും മുന്നൊരുക്കങ്ങളും നടത്തികൊണ്ടിരിക്കുന്നത് സ്വാഗതാര്‍ഹമാണ്.

ഇതുപോലൊരു ഇളവ്‌ ഇനി ഉണ്ടാകാന്‍ പോകുന്നില്ലെന്നും കഴിയുന്നത്രയും വേഗം രേഖകള്‍ ശരിയാക്കി സൗദിയില്‍ തന്നെ തുടരുകയോ അല്ലെങ്കില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യണമെന്നു മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമൊക്കെ ബന്ധപ്പെട്ടവര്‍ ഉണര്‍ത്തികൊണ്ടിരിക്കുന്നുമുണ്ട്‌.  

ഇന്ത്യന്‍ എംബസി വിതരണം ചെയ്യുന്ന അടിയന്തിര യാത്ര രേഖ കൈപ്പറ്റി നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും എക്സിറ്റ്‌ വിസക്ക് ലഭിക്കുന്നവര്‍ എങ്ങിനെ നാട്ടിലെത്തും?. ഇപ്പോള്‍ത്തന്നെ വിമാന ടിക്കെറ്റ് കിട്ടാനില്ല. വേനല്‍ അവധി, റമദാന്‍ - ഉംറ സീസന്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ ഇതിലേറെ പ്രയാസമാകുമെന്നത് തീര്‍ച്ച. സ്വദേശത്തേക്ക് തിരിച്ചു പോകാന്‍ തയ്യാറായവര്‍ക്ക് സൗദി ഗവര്‍മെന്റ് പ്രഖാപിച്ച കാലാവധിക്ക് മുമ്പായി യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ആരാേണറ്റെടുക്കുക.

ഗള്‍ഫിലെ ചില പ്രവാസി സംഘടനകള്‍ പതിവുപോലെ പത്ര പ്രസ്താവനകള്‍ നടത്തി മാറി നില്‍ക്കുന്നതാണ് കാണുന്നത്. വളരെ ഗുരുതരമായ ഈ വിഷയം നാട്ടിലെ മാതൃപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അല്ലെങ്കില്‍ ചൂടിന്റെ കാഠിന്യത്തോടൊപ്പം അനുദിനം ജയിലുകളും നാടുകടത്തല്‍ കേന്ദ്രങ്ങളും നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ സമയത്ത് ജിദ്ദയിലെ കന്ദ്രപ്പാലം വീണ്ടും ഇന്ത്യക്കാരായ അനധികൃത താമസക്കാരാല്‍ നിബിഡമാകാന്‍ അധിക ദിവസം വേണ്ടി വരില്ല. സ്വന്തം പൌരന്മാരെ നാടിലെത്തിക്കാനും നാം രാജകാരുണ്യത്തിനായി കാത്തിരിക്കേണ്ടി വരുമോ?

 (Published in G.Thejas Daily 28-5-13)

Monday, January 21, 2013

എം.പി. എന്തറിഞ്ഞു ജെ.കെ.എഫിനെ കുറിച്ച്?

ഇന്ത്യാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള ഇന്ത്യാഫെസ്റ്റിവലില്‍ കേരളീയരെ പ്രതിനിധീകരിച്ച് ജിദ്ദ കേരളൈറ്റ്സ് ഫോറം (ജെ.കെഎ,ഫ്) സംഘടിപ്പിച്ച കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തത് സുധാകരന്‍ എം..പി ആയിരുന്നു.

ഗള്‍ഫില്‍ എവിടെയും കാണാത്ത അത്ഭുത കൂട്ടായ്മയുടെ മദ്ഹും പ്രത്യേകതയും എം.പി അവര്‍കള്‍ പ്രത്യേകം എടുത്തുപറഞ്ഞു. ജിദ്ദയിലെ കേരളീയ  പ്രവാസി സമൂഹത്തിന്റെ ആഗ്രഹവും എംപി  സൂചിപ്പിച്ചതുതന്നെയാണ്. പക്ഷേ എഴുപതിലധികം സംഘടനകളുടെ പ്രാതിനിധ്യമവകാശപ്പെട്ടുകൊണ്ട് പതിറ്റാണ്ടിലേറെയായി “പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന” ഈ സംഘടന ഇതേപോലുള്ള ഉത്സവ, സ്വീകരണ പരിപാടികളല്ലാതെ മറ്റെന്തു ചെയ്തുവെന്നു എംപി സാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.

നാട്ടിലെയും ഗള്‍ഫിലെയും വിലക്കയറ്റവും പ്രവാസ ഭൂമിയില്‍ ഇടയ്ക്കിടെ മാറിവരുന്ന പുതിയ നിയമവ്യവസ്ഥകളും സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. കേരളോത്സവത്തിന് കാണിച്ച ഐക്യവും ഉത്സാഹവും മേല്‍ സൂചിപ്പിച്ച വിഭാഗത്തിന്‍റെ ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഫോറത്തിന് സാധിക്കാതെ പോകുന്നത് എന്തുകൊണ്ട്?

നാട്ടില്‍ നാം കണ്ടു ശീലിച്ച കൊടികളുടെ നിറങ്ങളായ രണ്ടു പച്ചയും രണ്ടു ചുവപ്പും ഒരു മിക്സടുമായ കൂട്ടുമുന്നണിക്കാര്‍, അംഗസംഘടനകളെ നോക്കുകുത്തിയാക്കി പങ്കുവെച്ചെടുക്കുന്ന ഒരേര്‍പ്പാട് എന്നതില്‍ കവിഞ്ഞ്‌ ഈ ഫോറത്തിന് കാര്യമായി ഒരു പ്രവര്‍ത്തന പാരമ്പര്യവും അവകാശപ്പെടാനില്ല എന്നത് സത്യം.

ഉദാഹരണത്തിന് ഒരു ഇന്ത്യന്‍ പൌരന്‍റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ മാതൃരാജ്യത്ത് 500 രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ സൗദിയില്‍ അതിന്റെ മൂന്നിരട്ടിയാണ് കൂട്ടിയത്. താഴ്ന്ന വരുമാനക്കാരായ പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഈ അനീതിക്ക് എന്ത് ന്യായീകരണമാണുള്ളത്?. ഇതിനെതിരെ ഗള്‍ഫിലെയും സൌദിയിലെ മറ്റു പ്രവിശ്യകളിലെയും ചില സാമൂഹ്യ സംഘടനകള്‍ കേസുമായി മുന്നോട്ടുപോകുമ്പോള്‍ അതിന് പിന്തുണനല്‍കാന്‍ പോലും തയ്യാറാകാതെ അടുത്തൊന്നും പറക്കാന്‍ സാധ്യതഇല്ലാത്ത എയര്‍ കേരളക്ക് പിറകെയാണ് ജെ.കെ.എഫിലെ പ്രമുഖര്‍.

അതിനാല്‍ കോണ്‍സുലേറ്റിലും മറ്റും കേരളീയ സമൂഹത്തിന്‍റെ മൊത്തം പ്രാതിനിധ്യം അവകാശപ്പെടുന്നവര്‍ കര്‍മ്മരംഗത്തിറങ്ങി പ്രവാസി സമൂഹത്തിന്റെ താങ്ങും തണലുമാവാന്‍ തയ്യാറാവുക അതല്ല തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉത്സവ, സ്വീകരണ പരിപാടികളുമായി മുന്നോട്ട്‌ പോകാനാണ് താല്പര്യമെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്കുക. (Published in G.Thejas 20-1-13)

 

Friday, November 11, 2011

മിനയുടെ മനമറിഞ്ഞ ഹജ്ജ്‌ വളണ്ടിയര്‍മാര്‍


കഴിഞ്ഞ ഹജ്ജ് ദിനങ്ങളില്‍ മിന താഴ്വര മലയാളി സന്നദ്ധസേവകരുടെ സംഗമം കൂടിയായിരുന്നു. പെരുന്നാള്‍ ഒഴിവു ദിനങ്ങള്‍ നാട്ടിലേക്കും സൗദിയുടെ വിവിധ ഭാഗങ്ങളിലേക്കുമുള്ള സന്ദര്‍ശനങ്ങളും വിനോദയാത്രകളും മാറ്റിവെച്ചു കൊണ്ട്  ത്യാഗസന്നദ്ധരായി ആയിരക്കണക്കിന് വളണ്ടിയര്‍മാരാണ് മിനയില്‍ എത്തിച്ചേര്‍ന്നത്.

ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും വന്നെത്തിയ അല്ലാഹുവിന്റെ അതിഥികളെ സേവിക്കാനും സഹായിക്കാനും മറ്റുമുള്ള അസുലഭാവസരം  ഉപയോഗപ്പെടുത്തുന്നതിലൂടെ ദൈവാനുഗ്രഹം കരസ്ഥമാക്കുകയെന്ന മഹത്തായ ഒരു ലക്‌ഷ്യം കൂടി ഈ സേവന സന്നദ്ധതക്കു പിന്നിലുണ്ട്.

കേരള റിലീഫ്‌ വിംഗ്, ഫ്രറ്റെനിറ്റി ഫോറം, കെഎംസീസീ, ആര്‍, എസ്. സീ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഒറ്റക്കും പതിറ്റാണ്ട് മുമ്പ് ഹാജി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ജിദ്ദ ഹജ്ജ്‌ വെല്‍ഫയര്‍ ഫോറവും പതിവുപോലെ സജീവമായി രംഗത്തുണ്ടായിരുന്നു. 

നീണ്ട വര്‍ഷത്തെ പരിചയ സമ്പത്ത് കൈമുതലായുള്ള ഫോറം വളണ്ടിയര്‍മാരെ നയിക്കാന്‍ ഇനി മുതല്‍ ഡസന്‍ കണക്കിന് നേതാക്കള്‍ ആവശ്യമില്ലായെന്നു തെളിയിക്കാന്‍ ഈ വര്‍ഷത്തെ അവരുടെ പ്രവര്‍ത്തനം സാക്ഷി. 
(M.News 12 Nov. 2011)

 

Saturday, November 27, 2010

മിനയുടെ മനസ്സറിഞ്ഞ ഹജ്ജ്‌ വളണ്ടിയര്‍മാര്‍

ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ഹാജിമാരെ സേവിക്കാന്‍ വേണ്ടി, കഴിഞ്ഞ പത്തു വര്‍ഷമായി ഹജ്ജ്‌ കാലത്തും മറ്റും രംഗത്തിറങ്ങുന്ന ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ സേവനം പ്രശംസനീയമാണ്.

ഗള്‍ഫിലും നാട്ടിലും കുടുംബവുമൊത്തുള്ള പെരുന്നാള്‍ ആഘോഷം മാറ്റിവെച്ചും, ഒരാഴ്ചത്തെ ഹജ്ജ് അവധി ഉപയോഗപ്പെടുത്തികൊണ്ടും സേവന സന്നദ്ധരായി മിനയില്‍ എത്തുന്നവരില്‍ വ്യത്യസ്ത പ്രായക്കാരും വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരും സ്വന്തമായി ബിസിനസ്സ് നടത്തുന്നവരുമൊക്കെയുണ്ട്. അല്ലാഹുവിന്റെ അതിഥികളെ പരിചരിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയും അവരുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയും അതുവഴി കിട്ടുന്ന പുണ്യവും ഉദ്ദേശിച്ചാണ് ഹജ്ജ് വളണ്ടിയര്‍മാര്‍ സേവന രംഗത്തിറങ്ങുന്നത്.

സ്വദേശികളെക്കാള്‍ വിദേശികളുള്ള ഈ രാജ്യത്ത് സേവന സന്നദ്ധരായി രംഗത്ത് വരുന്ന കേരളീയ സമൂഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ഇതര രാഷ്ട്രക്കാര്‍ക്ക് തന്നെ മാതൃകയായാണ്.

ഊണും ഉറക്കവുമൊഴിച്ചു രാപകല്‍ ഭേദമന്യേ പ്രാദേശിക ഹജ്ജ്‌ വളണ്ടിയര്‍മാര്‍ കൂട്ടം തെറ്റിയ ഹാജിമാരെ തമ്പുകളിലെത്തിച്ചും വഴി പറഞ്ഞു കൊടുത്തും ഹജ്ജിന്റെ വിവിധ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ സഹായിച്ചും, രോഗികളായവരെ ആശുപത്രികളിലെത്തിച്ചും വ്യാപ്രതരാകുമ്പോള്‍ നാട്ടില്‍ നിന്നും വന്ന ഹജ്ജ്‌ വളന്റിയര്മാര്‍ക്ക് അറബി സംസാര ഭാഷ പരിജ്ഞാനമില്ലാത്തതിനാല്‍ തമ്പുകളിലേക്ക് പ്രവേശിക്കാന്‍ വരെ സാധിക്കാറില്ല. കുറച്ചു മുമ്പ് മിനയിലെ ഇന്ത്യന്‍ ഹജ്ജ്‌ മിഷന്‍റെ നമസ്കാര ഹാളില്‍ പനിപിടിച്ചു പരവശനായ ഒരു ഹജ്ജ്‌ വളന്റിയര്‍ക്കു ജിദ്ദ ഹജ്ജ്‌ വെല്‍ഫയര്‍ ഫോറം വിതരണം ചെയ്തിരുന്ന ഭക്ഷണപ്പാക്കറ്റ്‌ എത്തിച്ചു കൊടുത്തപ്പോള്‍ അദ്ധേഹത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.
മിനയില്‍ തങ്ങളുടെ യുനിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കാതെ മുങ്ങി നടക്കുന്ന വളണ്ടിയര്‍മാരും ധാരാളം. ഇവരൊക്കെയാണ് നൂറുകണക്കിന് ഹാജിമാര്‍ക്ക് വളണ്ടിയര്‍മാരായി നാട്ടില്‍ നിന്നും വരുന്നത്.

എന്നാല്‍ "വമി" (WAMY)പോലുള്ള അന്താരാഷ്ട്ര സേവന സംഘടനകള്‍ അവരുടെ നിശ്ചിത ക്വാട്ടക്കനുസരിച്ച് മലയാളി കൂട്ടായ്മകള്‍ക്ക്‌  വരെ തിരിച്ചറിയല്‍ കാര്‍ഡുകളും യുനിഫോമുകളും മറ്റു സഹായങ്ങളും നല്‍കി പ്രോല്‍സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ പ്രധാന ഭാരവാഹികള്‍ക്ക് പോലും ഒരു തിരിച്ചറിയല്‍ കാര്‍ഡോ വളണ്ടിയര്‍മാര്‍ക്ക് സൌജന്യമായി ജാക്കറ്റോ നല്‍കാന്‍ പോലും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തയ്യാറാകാറില്ല എന്നത് ഏറെ ഖേദകരം തന്നെ. പക്ഷെ കാര്‍ഗിലില്‍ മരിച്ച സൈനികരുടെ ശവപ്പെട്ടിയില്‍ വരെ അഴിമതി നടത്താന്‍ മടിക്കാത്തവര്‍ പ്രതിഫലേച്ഛ കൂടാതെ സേവനം ചെയ്യുന്ന ആയിരക്കണക്കിന് ഹജ്ജ് വളണ്ടിയര്‍മാരുടെ പേരില്‍ എത്ര തുകയാണ് വീതം വെച്ചെടുക്കുന്നതെന്നും ആലോചിച്ചു പോകുകയാണ്. 
 (G.Madhyamam 21 Nov. 2010)


മീഡിയ മാനിയ നേതാക്കന്മാരോട്

ജിദ്ദയിലെ വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍, മത്സര ബുദ്ധിയോടെയും ആവേശ ത്തോടെയും അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം നല്‍കാന്‍ തയ്യാറായി രംഗത്തിറങ്ങുന്ന ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ സേവനം പ്രശംസനീയവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ഇതര രാഷ്ട്രക്കാര്‍ക്ക് തന്നെ മാതൃകയുമാണ്.

ഹജ്ജ് വെല്‍ഫയര്‍  ഫോറം പോലുള്ള കൂട്ടായ്മകള്‍, ചില സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കോണ്‍സുലേറ്റിലും മറ്റും ആളാകാനും മീഡിയകളില്‍ നിറഞ്ഞു
നില്‍ക്കാനും വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. ഫോറത്തിന്റെ ഭാരവാഹിയാകാന്‍ ആവേശം കാണിക്കുന്നവരും സ്ഥാനങ്ങള്‍ ചോദിച്ചു വാങ്ങുന്നവരും ഒരിക്കല്‍ പോലും ഫീല്‍ഡില്‍ ഇറങ്ങാനോ വളണ്ടിയര്‍ ക്യാമ്പ്‌ സന്ദര്ശിക്കാനോ തയ്യാറാകാറില്ല എന്നത് ഒരു സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.  

ഇത്തരം “മീഡിയ മാനിയ നേതാക്കന്മാരെ” മുന്‍കൂട്ടി മനസ്സിലാക്കി, ആത്മാര്‍ഥമായി സേവന രംഗത്തിറങ്ങുന്നവരെ മാത്രമേ സര്‍വിസ് സംഘടനകളുടെ തലപ്പത്തിരുത്തുകയുള്ളുവെന്നു സംഘടനകളും പ്രവര്‍ത്തകരും നിബന്ധനവെക്കുന്നത് വരെ ഇത്തരം “കലാപരിപാടികള്‍” അനുസ്യുതം തുടര്‍ന്നുകൊണ്ടേയിരിക്കും.

ദൈവപ്രീതി മാത്രം കാം ക്ഷിച്ച് സേവനത്തിനു ഇറങ്ങുന്നവരുടെയും സാമ്പത്തിക സഹായം നല്‍കി സഹായിക്കുന്നവരുടെയും ആത്മവീര്യം കെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇത്തരം നേതാക്കള്‍ വിട്ടുനിന്നിരുന്നുവെങ്കില്‍. 
                                             (G. Madhyamam 23 Nov. 2010)  
 

Saturday, June 26, 2010

കുളിരറ്റവര്‍


ജിദ്ദയിലെ  മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും പിന്തുണ അവകാശപ്പെട്ടുകൊണ്ട് ജിദ്ദ കേരളൈറ്റ്സ് ഫോറം എന്ന പേരില്‍ അറിയപ്പെടുന്ന സംഘടന യഥാര്‍ഥത്തില്‍ നടത്തുന്നത് മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ സംഘടന നടത്തിയ ചില പരിപാടികള്‍ അത് ശരിവെക്കുന്നതായിരുന്നു. (26 June 2010 G. Madhyamam)



 

Tuesday, June 22, 2010

കൂട്ടായ്മകളിലെ കല്ല്‌കടി

ജിദ്ദയിലെ മൂന്നു ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ക്കിടയില്‍
ചെറുതും വലുതുമായ എണ്‍പതോളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങള്‍ പരിഹാരം കാണുന്നതിനും ഹജ്ജ്‌ പോലുള്ള സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്‍റെ അതിഥികളെ സഹായിക്കുന്നതിനും മറ്റുമൊക്കെ സമാന മനസ്കരായ സംഘടനകള്‍ ഒത്തു ചേര്‍ന്ന് വിവിധ കൂട്ടായ്മകളും ഇവിടെ സജീവമാണ്. എന്നാല്‍ ഇത്തരം കൂട്ടായ്മകളെ ഹൈജാക്ക് ചെയ്യാനും,അര്‍ഹതപ്പെട്ടവരെ തഴഞ്ഞു നേതൃത്വം പിടിച്ചടക്കാനും ചില രാഷ്ട്രീയ സംഘടന നേതാക്കളും മീഡിയ മാനിയക്കാരും നടത്തുന്ന ‘പൊളിട്രിക്സു’കള്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്നവരെ നിരാശരാക്കാന്‍ കാരണമാകാറുണ്ട്. പ്രസ്തുത വിഷയങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ പ്രതികരണങ്ങള്‍. 

(29 Feb 99, 12 Jan 07 M.News, 14 Jan 07 Madhyamam Gulf, 07 May 10 Madhyamam KSA)