1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം
Showing posts with label എയര്‍ ഇന്ത്യ. Show all posts
Showing posts with label എയര്‍ ഇന്ത്യ. Show all posts

Wednesday, August 12, 2020

ഓര്‍ക്കുക നാം ആകാശത്താണ്!!

ആകാശ യാത്രകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വിമാന ദുരന്തങ്ങളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നത് സമീപകാല സംഭവങ്ങള്‍ സാക്ഷിയാണ്.

ആകാശത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും അത്തരം ഒരു യാത്രയില്‍ ഉണ്ടായിരിക്കേണ്ട മര്യാദകളും നിയമങ്ങളും പാലിക്കണമെന്നുമുള്ള ബോധം എല്ലാവര്ക്കും ഉണ്ടാവേണ്ടതുണ്ട്. 

വളരെ ചെറിയ പിഴവുകള്‍ കാരണം നൂറുകണക്കിന് യാത്രക്കാര്‍ ഞൊടിയിടയില്‍ കത്തിയമര്‍ന്ന് കരിക്കട്ടകളായി മാറുമ്പോള്‍ വലിയ അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന സംഭവങ്ങളും നിരവധി.



അനന്ത വിഹായുസ്സിലേക്ക് നിറയെ യാത്രക്കാരുമായി പറന്നുയരുന്ന വിമാനങ്ങളിലെ ചില യാത്രക്കാര്‍ തങ്ങള്‍ ഭൂമിയില്‍ വെച്ച് ചെയ്യാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ മാനത്ത് വെച്ച് ചെയ്യുന്നു. ആര്‍ത്തിയോടെയുള്ള പരസ്യമദ്യപാനം, വിമാനത്തിലെ പ്രത്യേക യാത്രനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സഹ യാത്രക്കാരോടും വിമാന ജോലിക്കാരോടുമുള്ള മോശമായ പെരുമാറ്റം, വര്ഷങ്ങളോളം നാടുപിടിക്കാൻ കാത്തിരിക്കുന്നവർക്ക്‌ ഏതാനും നിമിഷങ്ങൾ കാത്തിരിക്കാൻ ക്ഷമയില്ലാതെ ലാന്റിംഗിനു മുമ്പേ ചാടി എണീറ്റ് ബാഗേജു എടുത്തു പുറത്തു പോകാനുള്ള ധൃതി, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെയുള്ള യാത്ര  തുടങ്ങിയ കാര്യങ്ങളിൽ അശ്രദ്ധരാണ് പലരും. 

സ്വബോധം പോലും നഷ്ടപ്പെടുത്തി അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ചു ചെയ്യുന്ന ഇത്തരം അരുതാഴ്മകൾ കാണുമ്പോള്‍ ചില വിമാന ദുരന്തങ്ങളിൽ യാത്രക്കാർക്ക് സംഭവിക്കുന്ന നഷ്ടങ്ങളും പരിക്കുകളും സ്വയം ചോദിച്ചു വാങ്ങുകയാണോ എന്ന് തോന്നിപ്പോകുന്നു. 

Visit and LIKE

Face Book Page

https://www.facebook.com/Janasamakshamblog/

#Janasamaksham W.App Groups: 00966507588672

Sunday, April 16, 2017

ഹജ്ജ് സബ്‌സിഡി : നേട്ടം തീര്‍ത്ഥാടകര്‍ക്കല്ല.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതും വിശ്വാസികള്‍ക്ക് ഒരിക്കല്‍ മാത്രം നിര്‍ബന്ധവുമായ ഒരു സുപ്രധാന ആരാധനാകര്‍മമാണ് ഹജ്ജ്. മക്കയില്‍ പോയി തിരിച്ചുവരാന്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ കഴിവും യാത്രാനുമതിയുമുള്ള, പകര്‍ച്ചവ്യാധി തുടങ്ങിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ നിര്‍ഭയത്വത്തോടെ യാത്രചെയ്യാനുള്ള അവസരം ഒത്തുവന്നവര്‍ക്കു മാത്രമാണ് ഇസ്‌ലാം ഹജ്ജ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. തികച്ചും നിഷ്‌കളങ്കനായി അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് ചെറുതും വലുതുമായ പാപങ്ങളില്‍നിന്നു മുക്തനായി നല്ല മാര്‍ഗത്തിലൂടെ ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് ഹജ്ജ് ചെയ്താല്‍ മാത്രമേ ഒരാളുടെ ഹജ്ജ് സ്വീകാര്യമാവുകയുള്ളൂവെന്നതിനു പ്രമാണങ്ങള്‍ തെളിവാണ്.
അതിനാല്‍ ഒരു പുണ്യകര്‍മത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറായ തീര്‍ത്ഥാടകന്‍ ഹജ്ജ് സബ്‌സിഡി എന്ന സര്‍ക്കാര്‍ സഹായത്തിനായി കൈ നീട്ടേണ്ടതില്ല. എന്നാല്‍, നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ കടം വീട്ടാനാണ് ഹാജിമാരുടെ സമ്പത്ത് സര്‍ക്കാര്‍ കൊള്ളയടിക്കുന്നത്. രാജ്യത്തെ പൗരന്‍മാരുടെ നികുതിപ്പണത്തില്‍നിന്ന് ഭീമമായ സംഖ്യ മുസ്‌ലിം തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ ചെലവഴിക്കുന്നുവെന്ന് തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സബ്‌സിഡി ഇനത്തില്‍ ഹാജിമാര്‍ക്ക് കൊടുക്കുന്ന സംഖ്യയേക്കാള്‍ സര്‍ക്കാരിനും ദേശീയ വിമാനക്കമ്പനിക്കുമാണ് കൂടുതല്‍ നേട്ടം കിട്ടുന്നതെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. വര്‍ഷംതോറും ഇന്ത്യയില്‍ നിന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോവാന്‍ അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫീസ്, നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം കിട്ടാനായി അഞ്ചുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിക്കുന്ന ആയിരങ്ങളില്‍ നിന്ന് കൊല്ലംതോറും ഈടാക്കുന്ന ഫീസ്, അപേക്ഷ സ്വീകരിച്ചാല്‍ അഡ്വാന്‍സായി ഓരോ ഹാജിയില്‍ നിന്നും വാങ്ങുന്ന വന്‍തുക, ഒരുലക്ഷത്തിലധികം വരുന്ന ഹാജിമാര്‍ക്കുള്ള അന്താരാഷ്ട്ര വിമാനടിക്കറ്റ്, മക്ക, മദീന, മിനാ എന്നിവിടങ്ങളിലെ താമസം, ബസ് യാത്ര, ഭക്ഷണം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ നിന്നു കിട്ടുന്ന ഇളവുകള്‍- ഇങ്ങനെ പലതരത്തിലാണ് ഓരോ വര്‍ഷവും മുടങ്ങാതെ സര്‍ക്കാരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിമാന യാത്രക്കൂലിയും ഹജ്ജ് തീര്‍ത്ഥാടകരില്‍നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈടാക്കുന്ന വിമാനക്കൂലിയും തമ്മിലുള്ള അന്തരമാണ് ഹജ്ജ് സബ്‌സിഡിയായി വിതരണം ചെയ്യുന്നത്.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് സുപ്രിംകോടതിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുന്നതിനെ എതിര്‍ക്കുന്ന മത-രാഷ്ട്രീയ നേതാക്കന്‍മാരും ഉണ്ട്.
യഥാര്‍ഥത്തില്‍ സാധാരണ നിരക്കില്‍ ഹജ്ജ് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറാവുകയോ അന്താരാഷ്ട്ര ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ തയ്യാറാവുന്ന വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുകയോ ചെയ്താല്‍ ഹാജിമാര്‍ക്ക് പിന്നെ ഇത്തരം സൗജന്യങ്ങള്‍ വേണ്ടിവരില്ല. ഇതുകൂടാതെ മുമ്പ് സൂചിപ്പിച്ചപോലെ ഹജ്ജ് യാത്ര തുടങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കാലയളവില്‍ വ്യത്യസ്ത സൗകര്യങ്ങള്‍ സജ്ജീകരിക്കുമ്പോള്‍ ലഭ്യമാവുന്ന ഇളവുകളില്‍ നിന്ന് ഒരു ഭാഗമെങ്കിലും നീക്കിവച്ചാല്‍ ഹജ്ജിനുള്ള ചെലവ് പിന്നെയും കുറയ്ക്കാന്‍ പറ്റും.
ഇന്ന് ഹജ്ജ് സര്‍ക്കാരിനും എയര്‍ ഇന്ത്യക്കും വലിയൊരു വരുമാനമാര്‍ഗമായി നിലനില്‍ക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീമമായ ഒരു സംഖ്യ ചെലവഴിക്കേണ്ടിവരുന്നു. ഇതുകൊണ്ടാണ് പലരും ഹജ്ജ് സബ്‌സിഡി പൂര്‍ണമായും എടുത്തുകളയുന്നതിനെ എതിര്‍ക്കുന്നത്.


Sunday, April 21, 2013

ഇനിയും ഞങ്ങളെ വിഡ്ഢികളാക്കരുതേ





സൗദിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി രാജ്യത്തെ പരമോന്നത സഭ പാസ്സാക്കിയ നിതാഖാത്‌ പദ്ധതി പരിപൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവെച്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവിന്‍റെ ഉത്തരവ് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസം പകര്‍ന്നിരിക്കുന്നു.

പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ എന്തെകിലും ഇളവ്‌ ലഭിക്കാന്‍ വേണ്ടി നമ്മുടെ മന്ത്രിമാരും പരിവാരങ്ങളും സൗദിയിലേക്ക്‌ വിമാനം കയറാന്‍ ഊഴവും കാത്തിരിക്കുന്നതിനിടയിലാണ് രാജകാരുണ്യം പെയ്തിറങ്ങിയത്. ഇതിന്‍റെ  അവകാശവാദവുമായി വിവിധ വകുപ്പ് മന്ത്രിമാരും അനുയായികളും മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് സംബന്ധമായ കേസ്സില്‍  പ്രവാസികള്‍ക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും. ഇത് പ്രവാസികളുടെ ശവത്തില്‍ കുത്തുന്നതിനു തുല്യമായിപ്പോയി.  

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇന്ത്യയില്‍, നിലവിലുള്ള ഫീസ്‌ 1000 രൂപയില്‍നിന്ന് 1500 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ സൗദിയില്‍ സര്‍വീസ് ചാര്‍ജ്ജും വെല്‍ഫയര്‍ ഫണ്ടും അടക്കം 305 റിയാല്‍ കൊടുക്കണം. ഏതാണ്ട് നാലിരട്ടിയുടെ വര്‍ദ്ധനവ്. ഒരേ രാജ്യത്തെ പൌരന്‍മാര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത പ്രവാസി സംഘടനകളുടെ പരാതിക്കെതിരെയാണ് വിദേശകാര്യ മന്ത്രാലയം പരിഹാസ്യമായ രീതിയിലുള്ള സത്യവാങ്മൂലം നല്കിയത്. ഗള്‍ഫിലെ പ്രവാസികള്‍ പാസ്പോര്‍ട്ട്‌ നശിപ്പിക്കുന്നവരാണെന്നും അവരെല്ലാവരും നല്ല സാമ്പത്തിക ഭദ്രത കൈവരിച്ചവരായതിനാല്‍ ഫീസ് വര്‍ധനവില്‍ തെറ്റില്ല തുടങിയ വിചിത്ര വാദങ്ങളും വ്യാജാരോപണങ്ങളുമാണ് അവര്‍ പ്രവാസികള്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്.

അതേ പോലെ ഗള്‍ഫിലെ സ്കൂള്‍ അവധി, പെരുന്നാള്‍, ഓണം, ക്രിസ്മസ് ആഘോഷ സീസണ്‍ സമയങ്ങളില്‍ സീറ്റുകള്‍ തടഞ്ഞുവെച്ച് കഴുത്തറപ്പന്‍ ചാര്‍ജ് ഈടാക്കല്‍ പതിവാക്കിയ  എയര്‍ഇന്ത്യ ഈ പ്രതിസന്ധി ഘട്ടത്തില്‍പ്പോലും 24  ശതമാനത്തോളം ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് സമ്മതിച്ചത് കുറച്ചു മുമ്പ് സൌദിയില്‍ പര്യടനം നടത്തിയ ഒരു എം.പിയാണ്.

പതിവ്‌പോലെ, നിലവിലെ സാഹചര്യങ്ങളും പ്രശ്നങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ പ്രവാസി മന്ത്രിയും സഹപ്രവര്‍ത്തകരും അടുത്ത് തന്നെ സൌദിയിലേക്ക് വരുന്നതായി അറിയാന്‍ കഴിഞ്ഞു. പണവും സമയവും ചെലവഴിച്ച് കൊണ്ടുള്ള ഉന്നതതല സന്ദര്‍ശനം പ്രവാസികള്‍ക്ക് പ്രയോജനപ്രദമാകണമെങ്കില്‍ അതിനുള്ള തയ്യാറെടുപ്പുകളോടെതന്നെ വരേണ്ടതുണ്ട്. വിഷയം പഠിച്ചു വേണ്ടത് ചെയ്യാം, എയര്‍ഇന്ത്യക്ക് പകരം എയര്‍ കേരള, ഗള്‍ഫില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ഫ്രീ ടിക്കെറ്റ് തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം പോലുള്ള പ്രസ്താവനകള്‍ കേട്ടുമടുത്തവരാണ് പ്രവാസികള്‍. 

കേന്ദ്ര-സംസ്ഥാന പ്രവാസി കാര്യവകുപ്പ്, വിദേശകാര്യ മന്ത്രാലയം, നോര്‍ക്ക തുടങിയ പ്രവാസികാര്യങ്ങളുടെ ഉത്തരവാദപ്പെട്ടവര്‍ തങ്ങളുടെ സ്വന്തം ഓഫീസിലിരുന്നു ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതാണ് നടേ പറഞ്ഞ പല പ്രശ്നങ്ങളും. അതിനാല്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ക്കും മുറവിളികള്‍ക്കും അറുതിവരുത്താന്‍ ഇനിയെങ്കിലും ആത്മാര്‍ത്ഥമായി ഇടപെടാന്‍  തയ്യാറാകണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു. (Published in G. Madhyamam 21-4-13) 


Sunday, December 23, 2012

പ്രവാസി പ്രശ്നങ്ങള്‍: നിയമപോരാട്ടം തന്നെ പോംവഴി

പ്രവാസ ഭൂമിയില്‍ അനുദിനം മാറിമാറിവരുന്ന നിയമങ്ങളും വ്യവസ്ഥകളും സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. "അളമുട്ടിയാല്‍‍ ചേരയും കടിക്കും"  എന്ന ചൊല്ലുപോലെ ഒടുക്കം നിയമത്തിന്റെ വഴിതന്നെ തേടാന്‍‍ പ്രവാസികള്‍‍ നിര്‍‍ബന്ധിതരായി. ചില സമകാലീന പ്രശ്നങ്ങള്‍ക്ക് അവര്‍ കണ്ടെത്തിയ ഈ “ടെസ്റ്റ്‌ ഡോസ്” വിജയം കണ്ടതിന്റെ ലക്ഷണങ്ങള്‍‍ പ്രവാസി സംഘടനകളിലും സാമൂഹ്യപ്രവര്‍ത്തകരിലും പ്രത്യാശയുണര്‍ത്തിയിരിക്കുന്നു.
എയര്‍‍ഇന്ത്യയുടെ പീഡനം, പാസ്പോര്‍ട്ട് ഫീസ്‌ വര്‍ദ്ധനവിലെ വിവേചനം തുടങ്ങിയ പ്രശ്നങ്ങള്‍‍ക്കെതിരെ ഹൈക്കോടതിയില്‍ സമര്‍‍പ്പിച്ച കേസ്സ് ഫയലില്‍‍ സ്വീകരിക്കുകയും ബന്ടപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയും ചെയ്തത് തന്നെ പരാതിക്കാരെ സംബന്ധിച്ചിടത്തോളം ഒന്നാംഘട്ട വിജയമാണ്. അതെപോലെ പ്രവാസി വെല്‍ഫയര്‍‍ ഫണ്ട് വഴി സ്വരൂപിച്ച കോടിക്കണക്കിന് രൂപയുടെ വിശദമായ കണക്ക് വിവരാവകാശനിയമത്തിലൂടെ പുറത്തുകൊണ്ട് വരാനും റിയാദിലെ പ്രമുഖ പ്രവാസി സംഘടനയുടെ ശ്രമഫലമായി സാധിച്ചു. സാധാരണക്കാരായ പ്രവാസികളുടെ വിയര്‍പ്പും കണ്ണീരും ഊറ്റിയെടുത്ത് സ്വരൂപിച്ച ഈ പണം അവരുടെ ക്ഷേമത്തിനും ദുരിതാശ്വാസത്തിനും ഉപയോഗിക്കാതെ കെട്ടിപ്പൂട്ടി വെച്ചതിന്റെ കണക്ക് പുറത്തുവന്നതോടെ പ്രവാസി മന്ത്രിക്ക് മുഖം രക്ഷിക്കാനുള്ള തന്ത്രവുമായി രംഗത്ത്‌ വരേണ്ടി വന്നത് മറ്റൊരു വിജയം.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ സംഘടനകളുടെ നാട്ടിലെയും ഗള്‍‍ഫിലെയും നേതാക്കളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വകുപ്പ് മേധാവികളും പ്രവാസികളെ കുരങ്ങുകളിപ്പിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി.
സ്വന്തം അധികാരപരിധിയില്‍‍പെട്ട നിസ്സാരകാര്യങ്ങള്‍ പോലും പരിഹരിക്കാന്‍‍ ശ്രമിക്കാത്തവരാണ് പ്രവാസിവകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍‍ ഇരു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍‍ പരസ്പരം സഹകരിച്ചാല്‍‍ മാത്രം പരിഹരിക്കപ്പെടാന്‍‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍‍ തങ്ങളുടെ ശ്രമഫലമായിട്ടെന്നവണ്ണം ഉടനടി പരിഹരിക്കാമെന്ന വിടുവായിത്തങ്ങള്‍ വിശ്വസിപ്പിക്കുന്നതില്‍‍ മിടുക്ക് കാണിക്കാന്‍‍ ഒരുളുപ്പും ഇല്ലാത്തവരാണ് ഗള്‍ഫിലെത്തുന്ന പല നേതാക്കളും.
ഗള്‍‍ഫിലെ മൊത്തം പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് സ്വദേേത്തക്കുള്ള യാത്രാസൌകര്യം. നമ്മുടെ ദേശീയ വിമാന കമ്പനിയായ എയര്‍‍ഇന്ത്യക്ക് ഏറ്റവും കൂടുതല്‍‍ വരുമാനം ലഭിക്കുന്ന സര്‍വ്വീസുകളില്‍പ്പെട്ടതാണ് ഗള്‍‍ഫ് റൂട്ട്. എന്നാല്‍‍ സാങ്കേതികത്വത്തിന്റെയും പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിന്റെയും മറ്റും പേരുപറഞ്ഞു മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുക, ഏതെങ്കിലും കാരണത്താല്‍ യാത്രക്കാരെ മറ്റു വിമാനത്താവളങ്ങളില്‍ ഇറക്കിവിടുമ്പോള്‍‍ തുടര്‍യാത്രക്ക്  കണക്ഷന്‍ ഫ്ലൈറ്റ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ ടാക്സിയിലും ബസ്സിലും കയറ്റിവിടുക, മണിക്കൂറുകളോളം അനിശ്ചിതമായി എയര്‍പോര്‍ട്ടിലും വിമാനത്തിനുള്ളിലും വെളളവും ഭക്ഷണവും നല്കാതെ പീഡിപ്പിക്കുക തുടങ്ങിയ എയര്‍ ‍ഇന്ത്യപോലുള്ള വിമാന കമ്പനികള്‍‍ പ്രവാസികളോട് കാണിക്കുന്ന ക്രൂരമായ സമീപനങ്ങള്‍‍ക്കെതിരെ നിയമപരമായി നേരിടാന്‍‍ രംഗത്തിറങ്ങുകയാണ് ഇനിയുള്ള രക്ഷാമാര്‍‍ഗ്ഗം. വിമാന കമ്പനിയില്‍ നിന്നും യാത്രക്കാരന് നഷ്ടപരിഹാരമായി കിട്ടുന്ന സംഖ്യയില്‍ നിന്ന് ഒരു നിശ്ചിത ശതമാനം കേസ്സ് നടത്തിയതിനുള്ള ചെലവിലേക്ക് കണ്ടെത്താം. അതേപോലെ ഗള്‍ഫിലെ വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍‍ ഉദാരമനസ്കരില്‍‍ നിന്നും സുധാര്യമായ രീതിയില്‍ ഫണ്ട് സ്വരൂപിച്ച് കൊണ്ടോ നാട്ടിലും ഗള്‍‍ഫിലുമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമജ്ഞരുടെ സഹായത്തോടെ കേസ്സ് നടത്തുവാനുള്ള മാര്‍‍ഗങ്ങള്‍ ആസൂത്രണം ചെയ്യാവുന്നതുമാണ്.   (Published in G.Madhyamam 22-12-12)



Thursday, November 15, 2012

എയര്‍ഇന്ത്യ: എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു



പ്രവാസി പീഡനത്തില്‍ മല്‍സരിക്കുന്ന എയര്‍ഇന്ത്യയുടെ ക്രൂരത പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ്. വര്‍ഷങ്ങളായി നമ്മുടെ ദേശീയ വിമാന കമ്പനിയില്‍നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനയുടെയും നിരുത്തരവാദിത്വത്തിന്റെയും കയ്പ്പേറിയ അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്  നിസ്സാര പ്രശ്നങ്ങളുടെ പേരില്‍പോലും എയര്‍ഇന്ത്യയെ  കുറ്റപ്പെടുത്തുന്നത്. 

എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സര്‍വ്വീസുകളില്‍പ്പെട്ടതാണ് ഗള്‍ഫ്‌ റൂട്ട് എന്നാല്‍ അതനുസരിച്ചുള്ള ഒരു പരിഗണന എയര്‍ഇന്ത്യ മാനേജുമെന്റ് പ്രവാസികളോട് കാണിക്കുന്നില്ല.

കാലാവസ്ഥ, സാങ്കേതിക തകരാറ് എന്നിവ കാരണം വിമാന സര്‍വീസുകള്‍ മുടങ്ങുക സ്വാഭാവികം. എന്നാല്‍ ഒരു യാത്രക്കാരന്‍ നിക്ഷിത സമയത്ത് തന്റെ ലകഷ്യ സ്ഥാനത്ത്‌ എത്താതിരുന്നാല്‍ അയാളുടെ  ഉപജീവനമാര്‍ഗമായ വിസയോ ജോലിയോ നഷ്ടപ്പെടുന്നതിലുള്ള പ്രയാസം മനസ്സിലാക്കാനും അതേപോലെ മരണം, വിവാഹം, അടിയന്തിര ചികില്‍സ തുടങ്ങിയ അത്യാവശ്യക്കാരുടെ യാത്ര മുടങ്ങിയാല്‍ അവരെ സ്വാന്തനപ്പെടുത്താനും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അര്‍ഹമായ പരിഗണനകള്‍ നല്‍കിയാല്‍   തന്നെ വിമാന യാത്ര മുടങ്ങിയതിന്റെ പേരില്‍ ഇന്ന് വിമാനത്താവളങ്ങളിലും മറ്റും നടക്കുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടാവുന്നതെയുളളു.

നാലഞ്ചു മണിക്കൂര്‍ യാത്ര ചെയ്യാനുള്ള വിമാനത്തില്‍ കയറിയാല്‍ ഒരു മുറുക്ക് വെള്ളം ചോദിക്കുന്നവര്‍ക്ക് മാത്രം. അല്ലാത്തവര്‍ക്ക് ഒന്നൊന്നര മണിക്കൂര്‍ കഴിയുമ്പോള്‍ കിട്ടുന്ന ഭക്ഷണപ്പാക്ക് കൊണ്ട് പശിയടക്കണം. എയര്‍പ്പോര്‍ട്ടിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്തും നീണ്ട സമയം ക്യുവില്‍ നിന്ന് ക്ഷീണിച്ചവരുമായ കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് വെല്‍കം ഡ്രിങ്ക്സായി ഒരു ഗ്ലാസ്‌ ജുസോ വെള്ളമോ കൊടുക്കാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറല്ല. ഇതിനൊരു ഉദാഹരണമാണ് എയര്‍ ഇന്ത്യയുടെ കോഴിക്കോട്‌ - ജിദ്ദ (AI 963) സര്‍വീസ്.  

ഗള്‍ഫിലെ സ്കൂള്‍ അവധി, പെരുന്നാള്‍, ഓണം, ക്രിസ്മസ്, ആഘോഷ, സീസണ്‍ സമയങ്ങളില്‍ സീറ്റുകള്‍ തടഞ്ഞുവെച്ച് കഴുത്തറപ്പന്‍ ചാര്‍ജ് ഈടാക്കുന്നത് എയര്‍ഇന്ത്യയുടെ പതിവ് രീതിയാണ്. അതേപോലെ വിമാനത്തിലെ ഒരേ നിര സീറ്റിന്റെ ഇടത്തും വലത്തും മുന്നിലും പിന്നിലും ഇംഗ്ലീഷ് അക്ഷരമാലയിലെ അക്കങ്ങളുപയോഗിച്ചു തരം തിരിവ് നടത്തി പ്രവാസി യാത്രക്കാരെ വഞ്ചിച്ച് വിവിധ നിരക്കുകള്‍ ഈടാക്കുക എന്ന പകല്‍ കൊള്ളയും എയര്‍ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നു. പീക് സീസണല്ലാത്ത സമയത്ത് പോലും റിസര്‍വേഷന്‍ തിയ്യതി മാറ്റാന്‍ സമീപിക്കുന്ന യാത്രക്കാരനോട് കൃത്രിമ തിരക്ക് പറഞ്ഞു ഭീമമായ തുക ഈടാക്കുന്ന ചില ഗള്‍ഫ് റൂട്ടുകളില്‍ നൂറുകണക്കിനു ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് നിത്യേനയെന്നോണം എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.

ഒരു പൈലറ്റിന്റെ ജോലി സമയം തീരുമ്പോള്‍ ഉടനെ തൊട്ടടുത്ത എയര്‍പ്പോര്ട്ടില്‍ കൊണ്ടുപോയി യാത്രക്കാരെ ഇറക്കിവിടലാണോ സാമാന്യ നീതി. ഇതൊന്നും മോണിറ്റര്‍ ചെയ്യാന്‍പോലും എയര്‍ ഇന്ത്യയില്‍ ആളില്ലേ?

കഴിഞ്ഞ 2012 മെയ് എട്ടുമുതല്‍ രണ്ടു മാസത്തോളം തുടര്‍ന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പിന്‍വലിക്കേണ്ടിവന്നത് എന്നോര്‍ക്കുക. ഈ സമരം മൂലം ദേശീയ വിമാന കമ്പനിക്ക് ഉണ്ടായ നഷ്ടം അറുനൂറു കോടിയിലേറെയാണത്രേ. പൈലറ്റുമാര്‍ക്കോ നാട് ഭരിക്കുന്നവര്‍ക്കോ ഇതുകൊണ്ടൊരു നഷ്ടവും സംഭവിക്കാന്‍ പോവുന്നില്ല. എന്നാല്‍ അഴിമതി നടത്തിയും സമരം ചെയ്തും പൊതു മുതല്‍ നശിപ്പിച്ചും രാജ്യത്തിന് ലക്ഷം കോടികളുടെ നഷ്ടം വരുത്തിവെക്കുന്നത് നികത്താന്‍ പാടുപെടുന്നവരില്‍ വലിയൊരു വിഭാഗം ലക്ഷക്കണക്കായ പ്രവാസികളാണ്.

2012 Oct 19 നു അബുദാബി -  കൊച്ചി എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ ഐ.എക്‌സ് 4522 വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയതുമായി ബന്ധപ്പെട്ട് യാത്രക്കാരും വിമാന ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം ആറു പ്രവാസി യാത്രക്കാര്‍ “എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍” ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ്സ് മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ ഉള്ള ഭരണകൂടമല്ല നാളെ ഈ വിഷയം കൈകാര്യംചെയ്യുന്നതെങ്കില്‍ ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.



കാലങ്ങളോളമായി എയര്‍ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന ഇത്തരം ക്രൂരമായ സമീപനങ്ങള്‍ക്കെതിരെ നിയമപരമായി നേരിടാന്‍ ശ്രമിക്കുന്നതാണ് ഇനിയുള്ള രക്ഷാമാര്‍ഗ്ഗം. എയര്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാരന് നഷ്ടപരിഹാരമായി കിട്ടുന്ന സംഖ്യയില്‍ നിന്നും ഒരു നിശ്ചിത ശതമാനം കേസ്സ് നടത്താനുള്ള ചെലവിലേക്ക് കണ്ടെത്താവുന്നതുമാണ്‌. (Published in Mathrubhumi Daily 15 Nov 12)
     
                                                                                                                 

Thursday, November 8, 2012

വാഗ്ദാന പെരുമഴയുമായി പ്രവാസി മന്ത്രി ഉടനെ എത്തും !!



നമ്മുടെ പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും പരിവാരങ്ങളും ഒരാഴ്ചത്തെ ഗള്‍ഫ്‌ പര്യടനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഖത്തറൊഴിച്ചുള്ള മിക്ക ഗള്‍ഫ്‌ രാഷ്ട്രങ്ങളിലെയും പ്രവാസികളെ നേരില്‍ കാണാനാണ് മന്ത്രി എത്തുന്നത്. ലോകമെങ്ങും ചിതറിപ്പാര്‍ക്കുന്ന പ്രവാസി ഭാരതീയര്‍ വിവിധ തലങ്ങളില്‍ ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വിലയേറിയ സംഭാവനകളെ സ്മരിക്കുന്നതിന് വേണ്ടി 2012 ജനവരി 7 മുതല്‍ 9 വരെ കൊച്ചിയില്‍ വച്ച് നടക്കുന്ന പ്രവാസി ഭാരതീയ ദിവസത്തിന്റെ  പതിനൊന്നാമത് സമ്മേളനത്തിലേക്ക് നമ്മെയും ക്ഷണിക്കാനാണ് അദ്ദേഹം നേരിട്ട് തന്നെ വരുന്നത്. 
 
കാലങ്ങളായി ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ സഹിച്ചു ജീവിക്കുന്നവരാണ്പ്രവാസികള്‍. അതിനിടയിലാണ് കഴിഞ്ഞ മാസം അബുദാബി – കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലെ യാത്രക്കാരും വിമാന ജീവനക്കാരും തമ്മില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ അറിഞ്ഞില്ലെന്ന് നടിച്ചു മൌനവൃതത്തിലായ മന്ത്രിക്ക്‌ ഗള്‍ഫിലേക്കുള്ള യാത്ര ഒരു നിലക്കും ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നത്. കാരണം പ്രവാസി ഭാരത്എന്ന ഗള്‍ഫ്‌ പ്രമാണിമാരുടെ മാമാങ്കം വിജയിപ്പിക്കേണ്ടതുണ്ട്.

മന്ത്രിയെപ്പോലെ മൌനവൃതത്തിലാണ് മന്ത്രിയെ താങ്ങുന്ന സംഘടനകളും. എന്നാല്‍ അടുത്ത കാലത്ത്  സജീവമായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മകള്‍ എല്ലാ കണക്കുകളും തെറ്റിച്ച് ഒരു മുല്ലപ്പൂ വിപ്ലവം സാധിച്ചെടുത്തിരിക്കുന്നു. അതോടെ മന്ത്രിക്ക് തന്‍റെ യാത്ര നീട്ടിവെച്ച് സ്വന്തം വകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കുമെന്നുള്ള പ്രസ്താവന നടത്താനും നിര്‍ബന്ധിതനായ സംഭവം ഗള്‍ഫിലേക്ക് പെട്ടിയെടുക്കുന്ന മറ്റു നേതാക്കന്‍മാരും ഓര്‍ക്കുന്നത് നല്ലതാണ്.


ഗള്‍ഫില്‍ കാല്‍കുത്തുന്നത് മുതല്‍ നാട്ടിലെത്തുന്നത് വരെ നേതാക്കന്‍മാരെ താങ്ങി നടക്കുന്നവരെയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ നടത്തി അണികളെ ആവേശം കൊള്ളിക്കുന്ന നേതാക്കളെയും മനസ്സിലാക്കാത്തിടത്തോളം കാലം പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നില്ല എന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കുമോ? 

അതോടൊപ്പംതന്നെ തന്നെ പ്രവാസികളുടെ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാന്‍. ഓരോ സംഘടനക്കാരും ഒറ്റക്കൊറ്റക്കുള്ള പ്രഖ്യാപന, പ്രസ്താവന, പ്രകടന പ്രഹസന 'കലാപരിപാടികള്‍ക്ക്’ പകരം, നാട്ടിലും വിദേശത്തുമുള്ള മൊത്തം സംഘടനകള്‍ ഒറ്റക്കെട്ടായി നിരന്തരമായും അതിശക്തമായും ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ തയ്യാറുകുകയും വേണം. (Published in Thejas Daily 08 Nov 2012)   




Wednesday, October 24, 2012

പ്രവാസി പ്രശ്‌നപരിഹാരം: കൂട്ടായ മുന്നേറ്റം അനിവാര്യം



ഗള്‍ഫ് പ്രവാസത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ദശ ലക്ഷക്കണക്കിന് പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു.

വീടും പുരയിടവും കെട്ടുതാലിയും വരെ പണയപ്പെടുത്തിയും കിട്ടാവുന്നത്ര കടം വാങ്ങിയും കുടുംബം പോറ്റാനായി ഗള്‍ഫിലെത്തിയവരുടെ, അനന്തമായി നീളുന്ന പ്രവാസ ജീവിതം അനുദിനം കൂടുതല്‍ ദുരിതത്തിലാവുകയാണ്. നാട്ടിലെയും ഗള്‍ഫിലെയും വിലക്കയറ്റവും പ്രവാസ ഭൂമിയില്‍ ഇടയ്ക്കിടെ മാറിവരുന്ന പുതിയ നിയമവ്യവസ്ഥകളും സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഇതിനിടയിലാണ് ഇടിത്തീ പോലെ, പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസ് കുത്തനെ കൂട്ടി ഇന്ത്യന്‍ അധികൃതര്‍ പ്രവാസിയുടെ ചുമലില്‍ അധികഭാരം കയറ്റിവെക്കുന്നത്.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇന്ത്യയില്‍, നിലവിലുള്ള ഫീസ്‌ 1000 രൂപയില്‍നിന്ന് 1500 രൂപ യായി വര്‍ധിപ്പിച്ചപ്പോള്‍ സൗദിയില്‍ 180 റിയാലില്‍ നിന്ന് 282 ലേക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. 102 റിയാലിന്റെ വര്‍ധന. സര്‍വീസ് ചാര്‍ജ്ജും വെല്‍ഫയര്‍ ഫണ്ടും അടക്കം 305 റിയാല്‍ വേണം പാസ്‌പോര്‍ട്ട് പുതുക്കാന്‍. മാതൃരാജ്യത്ത് 500 രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍, സൗദിയില്‍ അതിന്റെ മൂന്നിരട്ടി അതായത് 1500 ല്‍പരം രൂപയാണ് കൂട്ടിയത്. താഴ്ന്ന വരുമാനക്കാരായ പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഈ അനീതി പൊറുപ്പിക്കാനാവാത്തതാണ്. ഈ ഇരട്ടത്താപ്പിന് എന്ത് ന്യായീകരണമാണുള്ളത്?

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇരുപത് ലക്ഷമെന്നാണ് ഔദ്യോഗിക കണക്ക്. രേഖകളില്‍ ഉള്‍പ്പെടാത്ത പരശ്ശതം പേര്‍ വേറെയുമുണ്ട്.
ഇന്ത്യന്‍ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന ഏറ്റവും വലിയ ഈ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാനെന്ന പേരില്‍ 2010 ഫെബുവരിയില്‍ നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സൗദി സന്ദര്‍ശിച്ചു. ഇതിനു മുമ്പ് 1982 ലാണ് മറ്റൊരു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. നീണ്ട 28 വര്‍ഷക്കാലത്തെ ഇടവേളയ്ക്കുശേഷമുള്ള മന്‍മോഹന്‍സിംഗിന്റെ സൗദി സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ്, പ്രശ്‌നങ്ങളുടെ നീര്‍ചുഴിയില്‍ പെട്ടുഴറുന്ന പ്രവാസികള്‍ കാത്തിരുന്നത്. പക്ഷെ, നടപ്പാക്കാനാകാത്ത പതിവ് വാഗ്ദാനങ്ങള്‍ക്കും പല്ലവികള്‍ക്കുമപ്പുറം ഒന്നും സംഭവിച്ചില്ല. വിദേശകാര്യ-പ്രവാസി മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, നോര്‍ക പ്രതിനിധികള്‍ തുടങ്ങി പല ഉന്നതരും അതിനുശേഷവും ഗള്‍ഫിലെത്തി പൊള്ളയായ വാഗ്ദാനപ്പെരുമഴ കൊണ്ട്, ഉള്ളുരുകിക്കഴിയുന്ന പാവം പ്രവാസിയെ വൃഥാ സുഖിപ്പിക്കുകയും സ്വീകരണങ്ങളും ഉപഹാരങ്ങളും ആവോളമേറ്റുവാങ്ങി മനവും മടിശ്ശീലയും നിറച്ച് മടങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേരളക്കരയില്‍നിന്നുള്ള നേതൃ പുംഗവന്മാരുടെ ഗള്‍ഫ് സന്ദര്‍ശനവും വാഗ്ദാനപ്പെരുമഴയും അവിരാമം തുടരുന്നുവെങ്കിലും പ്രവാസിയുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും യാതൊരു പരിഹാരവുമില്ലെന്നു മാത്രമല്ല, അനുദിനം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയുമാണ്.

പ്രവാസി ഭാരത്: പ്രമാണിമാരുടെ പൊങ്ങച്ച പ്രകടനം

കൊല്ലംതോറും ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്താറുള്ള പ്രവാസി ഭാരതീയ സമ്മേളനങ്ങളില്‍ പോലും ഗള്‍ഫിലെ ലക്ഷക്കണക്കിനു വരുന്ന പ്രവാസികളുടെ പ്രാതിനിധ്യവും പ്രശ്‌നങ്ങളും വിഷയമാവാറേയില്ല. പ്രത്യേകം ക്ഷണിക്കപ്പെടുന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ പ്രവാസി മുതലാളിമാരുടെ സ്വകാര്യസ്വത്തും നിക്ഷേപങ്ങളും സംരക്ഷിക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ഈ മാമാങ്കങ്ങളില്‍ ചര്‍ച്ചകള്‍ നടക്കാറുള്ളത്. ബിസിനസ് കോടീശ്വരന്മാരായ പ്രവാസി പ്രമാണിമാരുടെയും കോട്ടും സ്യൂട്ടുമണിഞ്ഞ ബ്യൂറോക്രാറ്റുകളുടെയും താളമേളക്കൊഴുപ്പോടെ എഴുന്നള്ളിക്കപ്പെടുന്ന മന്ത്രിമുഖ്യരുടെയുമൊക്കെ പൊങ്ങച്ച പ്രകടനങ്ങളും കണ്ട് പാവം പ്രവാസിക്ക് കണ്ണുതള്ളിയിരിക്കാം എന്നതുമാത്രമാണ് ഓരോ പ്രവാസി ഭാരത് സമ്മേളനങ്ങളുടെയും മെച്ചം.

നാട്ടിലെ വിവിധ സ്ഥാപനങ്ങളില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമ്പോള്‍ പ്രവാസിയായതിന്റെ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡോ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡു പോലുമോ അനുവദിച്ചു കിട്ടാത്ത ദുരവസ്ഥയാണ് ഇന്നുള്ളത്. (വിദേശത്തു തൊഴിലുടമയുടെ
സ്‌പോണ്‌സര്‍ഷിപ്പില്‍ കഴിയുന്ന പ്രവാസി സ്വന്തം നാട്ടിലെത്തിയാല്‍ ഭാര്യയുടെ സ്‌പോണ്‌സര്‍ഷിപ്പിലാണെന്ന് പ്രവാസിയുടെ റേഷന്‍കാര്‍ഡ് നോക്കിയാല്‍ മനസ്സിലാകും!!.)

സൗദിയിലെ പ്രവാസികളെ ഇപ്പോള്‍ ഗതികേടിലാക്കുന്ന “ഹുറൂബും” (സ്‌പോണ്‍സര്‍ തന്റെ കീഴിലുള്ള വിദേശ തൊഴിലാളി ഒളിച്ചോടിയതായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അറിയിക്കല്) “നിതാഖാത്തും” (സ്വകാര്യതൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണ പ്രക്രിയ നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം പുതുതായി രൂപം നല്‍കിയ പദ്ധതി) തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങളും ബന്ധപ്പെട്ട ഒട്ടേറെ വകുപ്പുകളും ഒരേപോലെ ഉത്സാഹത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സാധ്യമാകൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഗള്‍ഫ് സന്ദര്‍ശനത്തിനെത്തുന്ന നേതാക്കന്മാരുടെ പത്ര പ്രസ്താവനകളും വിടുവായത്തങ്ങളും കേട്ട് രക്ഷകിട്ടുമോ എന്ന പ്രതീക്ഷയോടെ ഓടിയെത്തുന്ന ഹുറൂബ്കാരോട് (ഒളിച്ചോട്ടക്കരോട്) ഇത്തരം വാര്‍ത്തകള്‍ കേട്ട് കോണ്‍സുലേറ്റിലേക്ക് ഓടി വരേണ്ടതില്ല എന്നാണു വെല്‍ഫെയര്‍ മേധാവിയുടെ അന്ത്യശാസനം. ഗള്‍ഫ് സന്ദര്‍ശിക്കുന്ന നമ്മുടെ നേതാക്കളുടെ നിരര്‍ഥകമായ പുളുവടി എത്രമാത്രം ലജ്ജാകരമാണെന്ന് ഇവര്‍ക്ക് സ്വീകരണമൊരുക്കുന്നവര്‍ എന്നാണ് മനസ്സിലാക്കുക?

കുറ്റകൃത്യങ്ങളായ കൊലപാതകം, കള്ളവാറ്റ് തുടങ്ങിയവയുടെ പേരില്‍പോലും നാട്ടില്‍ സര്‍ക്കാര്‍വക ദുരിതാശ്വാസ ധനം കിട്ടും. പ്രതിഷേധ സമരങ്ങള്‍, റാലികള്‍ എന്നിവ അക്രമാസക്തമാകുമ്പോള്‍ സംഭവിക്കാറുള്ള നാശനഷ്ടങ്ങള്‍ മുതല്‍ വ്യാജമദ്യം മൂക്കറ്റം കുടിച്ച് മരിക്കുന്നതിന്റെ പേരില്‍വരെ മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളുടെ സഹായ ധനം പ്രഖ്യാപിക്കാന്‍ സര്‍ക്കാരും നേതാക്കളും മല്‍സരിക്കുന്നത് നമ്മുടെ നാട്ടില്‍ പതിവ് കാഴ്ചയാണ്. എന്നാല്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതോടൊപ്പം പിറന്നമണ്ണിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന പാവം പ്രവാസിക്ക് മറുനാട്ടില്‍ വല്ല അത്യാപത്തും സംഭവിച്ചാല്‍ തിരിഞ്ഞുനോക്കാന്‍ പോലും നമ്മുടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് തികച്ചും നന്ദികേടാണ്.

കുടുംബത്തിന്റെ നെടുംതൂണായ പ്രവാസി വിയര്‍ത്ത് അധ്വാനിക്കുന്നതിനിടെ അന്യദേശത്ത് മരണപ്പെട്ടാല്‍ അവരുടെ കണ്ണീരൊപ്പാനും കുടുംബങ്ങളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിക്കാനും സഹായിക്കാനും
അവസരത്തിനൊത്തുയര്‍ന്നു രംഗത്ത് വരാറുള്ളത് പ്രവാസത്തിന്റെ വേവും ചൂടുമറിഞ്ഞ ഗള്‍ഫിലെ ഉദാരമതികളായ ബിസിനസ്കാരും സാമൂഹ്യ പ്രവര്‍ത്തകരും മത സാംസ്കാരിക കൂട്ടായ്മകളും മാത്രമാണ്.

അതുകൊണ്ട് ഗള്‍ഫില്‍ പ്രവാസി അപകട, ദുരന്തങ്ങള്‍ മൂലം മരണപ്പെടുകയോ നഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ നാട്ടിലെപ്പോലെ പ്രവാസികളുടെ കുടുംബത്തിനു ദുരിതാശ്വാസവും, ആശ്രിതര്‍ക്ക് ജോലി തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാന്‍ അധികൃതര്‍ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എമിഗ്രേഷന്‍ ഇനത്തില്‍ പ്രവാസികളില്‍നിന്നും പിരിച്ചെടുത്ത കോടികണക്കിനു രൂപയില്‍ നിന്നും ഒരു വിഹിതമെങ്കിലും ജീവിതത്തിന്റെ വലിയൊരു ഭാഗം മരുഭൂമിയില്‍ തള്ളിനീക്കി വെറും കയ്യോടെ മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി വിനിയോഗിക്കണമെന്ന് പറയുന്നത് സാമാന്യ നീതി മാത്രമാണ്.

എയര്‍ ഇന്ത്യയുടെ ക്രൂര വിനോദങ്ങള്‍

പ്രവാസികളെ കഷ്ടപ്പെടുത്തുന്നതില്‍ റെക്കോര്‍ഡിന് മത്സരിക്കുകയാണ് ദേശീയ വിമാന കമ്പനിയായ എയര്‍ഇന്ത്യ.

എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സര്‍വ്വീസുകളില്‍പ്പെട്ടതാണ് ഗള്‍ഫ് റൂട്ട്. സാങ്കേതികത്വത്തിന്റെയും പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിന്റെയും മറ്റും പേരുപറഞ്ഞു വിമാനം റദ്ദാക്കുമ്പോള്‍ മണിക്കൂറുകളോളം അനിശ്ചിതമായി എയര്‍പോര്‍ട്ടിലും വിമാനത്തിലും കഴിയേണ്ടി വരുന്ന യാത്രക്കാരുടെ ദുരിതം വിവരണാതീതമാണ്. അവരോട് മാന്യമായി പെരുമാറാനോ, ബദല്‍ സംവിധാനത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാനോ തയ്യാറാകാതെ കഷ്ടപ്പെടുത്തുന്നത് നിത്യസംഭവമായിരിക്കുന്നു.

ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ സ്വന്തം കുടുംബത്തോടൊപ്പം എണ്ണിച്ചുട്ട ദിവസങ്ങള്‍ ചെലവഴിക്കാനുള്ള അവസരം കാത്തു കഴിയുന്നവര്‍, നീണ്ട പ്രവാസ ജീവിതത്തിന്റെ “സമ്മാനമായി” കിട്ടിയ രോഗങ്ങള്‍ക്ക് വിദഗ്ധ ചികില്‍സ തേടി നാട്ടിലെത്തേണ്ടവര്‍, മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും മറ്റും നേതൃത്വം നല്‍കേണ്ടവര്‍ തുടങ്ങിയ ഗണത്തില്‍ പെട്ടവരാണ് ഗള്‍ഫ് സെക്ടറിലെ സാധാരണക്കാരായ പ്രവാസി യാത്രക്കാര്‍. ഇവര്‍ക്കു നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ വരുമ്പോള്‍ അവരുടെ പ്രയാസം മനസ്സിലാക്കാനും, ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും എയര്‍ഇന്ത്യാ അധികൃതര്‍ തയ്യാറായാല്‍ തന്നെ യാത്ര മുടങ്ങിയതിന്റെ പേരില്‍ വിമാനത്താവളങ്ങളില്‍ നടക്കുന്ന മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാവുന്നതേയുളളു. ഗള്‍ഫിലെ സ്കൂള്‍ അവധി, പെരുന്നാള്‍, ഓണം, ക്രിസ്മസ്, ആഘോഷ, സീസണ്‍ സമയങ്ങളില്‍ സീറ്റുകള്‍ തടഞ്ഞുവെച്ച് കഴുത്തറപ്പന്‍ ചാര്‍ജ് ഈടാക്കുന്നത് എയര്‍ഇന്ത്യയുടെ പതിവ് രീതിയാണ്. അതേപോലെ വിമാനത്തിലെ ഒരേ നിര സീറ്റിന്റെ ഇടത്തും വലത്തും മുന്നിലും പിന്നിലും ഇംഗ്ലീഷ് അക്ഷരമാലയിലെ അക്കങ്ങളുപയോഗിച്ചു തരം തിരിവ് നടത്തി പ്രവാസി യാത്രക്കാരെ വഞ്ചിച്ച് വിവിധ നിരക്കുകള്‍ ഈടാക്കുക എന്ന പകല്‍ കൊള്ളയും എയര്‍ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 2012 മെയ് എട്ടുമുതല്‍ രണ്ടു മാസത്തോളം തുടര്‍ന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പിന്‍വലിക്കേണ്ടിവന്നത് എന്നോര്‍ക്കുക.

രണ്ടുമാസത്തെ സമരം കാരണം ദേശീയ വിമാന കമ്പനിക്ക് ഉണ്ടായ നഷ്ടം അറുനൂറു കോടിയിലേറെയാണത്രേ. പീക് സീസണല്ലാത്ത സമയത്ത് പോലും റിസര്‍വേഷന്‍ തിയ്യതി മാറ്റാന്‍ സമീപിക്കുന്ന യാത്രക്കാരനോട് കൃത്രിമ തിരക്ക് പറഞ്ഞു ഭീമമായ തുക ഈടാക്കുന്ന ചില ഗള്‍ഫ് റൂട്ടുകളില്‍ നൂറുകണക്കിനു ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് നിത്യേനയെന്നോണം എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യയും ചില ട്രാവല്‍ ഏജന്‍സിക്കാരും നടത്തുന്ന ഈ കള്ളക്കച്ചവടത്തിനു പലതവണ ഇതെഴുതുന്നയാളും സാക്ഷിയായിട്ടുണ്ട്. പൈലറ്റുമാര്‍ക്കോ നാട് ഭരിക്കുന്നവര്‍ക്കോ ഇതുകൊണ്ടൊരു നഷ്ടവും സംഭവിക്കാന്‍ പോവുന്നില്ല. എന്നാല്‍ ഇത്തരം സമരകോലാഹലങ്ങളിലൂടെ രാജ്യത്തിന് ലക്ഷം കോടികളുടെ നഷ്ടം വരുത്തിവെക്കുന്നത് നികത്താന്‍ പാടുപെടുന്നവരില്‍ വലിയൊരു വിഭാഗം ലക്ഷക്കണക്കായ പ്രവാസികളാണ് എന്ന യാഥാര്‍ത്ഥ്യം ബന്ധപ്പെട്ടര്‍ ഓര്‍ക്കേണ്ടതുണ്ട്.

പ്രവാസികളെ അലട്ടുന്ന ഇത്തരം നൂറുകൂട്ടം വിഷയങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങളും മുറവിളികളുമൊന്നും അധികൃതര്‍ ആരുംതന്നെ മുഖവിലയ്‌ക്കെടുക്കാറില്ല. "ഗള്‍ഫില്‍ പണം വാരാന്‍ പോയവര്‍ ചത്താലെന്ത്, ജീവിച്ചാലെന്ത്' എന്ന മട്ടില്‍ അവഗണനയാണ് ഗള്‍ഫ് പ്രവാസിക്ക് എന്നും അധികാര കേന്ദ്രങ്ങളില്‍നിന്ന് കിട്ടുന്നത്. നാട്ടിലെയും ഗള്‍ഫിലെയും സംഘടനകള്‍ ഒറ്റപ്പെട്ട പ്രസ്താവനകളും പ്രതിഷേധ പരിപാടികളുമായി ഒതുങ്ങിക്കൂടുന്നതുകൊണ്ടാണ് ഇങ്ങനെ  സംഭവിക്കുന്നത്.

അതിനാല്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പക്ഷവും ഇല്ലാത്തരും ഒരുപോലെ യോജിക്കുന്ന പ്രവാസികളുടെ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാന്‍ ഒറ്റക്കെട്ടായുള്ള മുന്നേറ്റമാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്. കേവല പ്രഖ്യാപന, പ്രസ്താവന, പ്രകടന പ്രഹസന 'കലാപരിപാടികള്‍ക്ക്’ പകരം, നിരന്തരമായും അതിശക്തമായും ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് നാട്ടിലും വിദേശത്തുമുള്ള മൊത്തം സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ തയ്യാറുണ്ടോ എന്നതാണ് കാതലായ ചോദ്യം.  (Published in Thejas Daily 23 Oct 2012)