1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, March 25, 2020

ചരിത്ര ശേഷിപ്പുകൾ തേടി ഒരു തബൂക്ക് യാത്ര


പൗരാണിക ചരിത്ര, പ്രകൃതി വിസ്മയ കാഴ്ചകളുടെ സംഗമ ഭുമിയാണ് സഊദി അറേബ്യ. 'സൗദിയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിലെ ഇത്തരത്തിലുള്ള കാഴ്ചകൾ തേടിയുള്ള യാത്രക്കാണ് റിയാദ് ഫ്രന്റ്സ് സർക്കിൾ' കൂട്ടായ്മയിലെ പ്രവർത്തകർ തങ്ങളുടെ വാരാന്ത്യ അവധി ദിനങ്ങൾ ഉപയോഗപ്പെടുത്തിയത്.

നിരവധി യാത്രകൾ നടത്തി മുൻപരിചയമുള്ളവർ മുൻകൈയെടുത്തു യാത്രക്ക് വേണ്ട പ്രാഥമിക ഒരുക്കങ്ങള്, സ്ഥല പഠനം, വാഹനം, വിവിധ സ്ഥലങ്ങളിലെ താമസം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും അവസരത്തിനൊത്ത് പ്ലാൻ ചെയ്തിനാൽ യാത്ര വളരെ സൗകര്യപ്രദമായിരുന്നു.

രാത്രി 9 മണിക്ക് റിയാദിൽ നിന്നും പുറപ്പെട്ട സംഘം രാവിലെ അഞ്ച്‌ മണിക്ക് പ്രവാചക നഗരിയിലെത്തിച്ചേർന്നു. ജുമുഅ നമസ്കാരം, റൗദ സന്ദർശനം ഭക്ഷണം എന്നിവക്ക് ശേഷം
മദീനയിൽ നിന്നും അറുനൂറിലധികം കിലോമീറ്റർ ദൂരമുള്ള തബുക്കിലേക്കു യാത്ര തിരിച്ചു. രാത്രി പത്തോടു കൂടിയാണ് തബൂക്കിൽ മുൻകൂട്ടി ഏർപ്പാടാക്കിയ താമസ സ്ഥലത്തു എത്തിച്ചേർന്നത്.

പിറ്റേ ദിവസം രാവിലെ മൂസ (അ) ശുഹൈബ് (അ) എന്നീ പ്രവാചകന്മാരുടെ ജീവിത കാലത്തെ ചരിത്ര സംഭവങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളായ മഗ്‌ന, ബിദഅ‌, ഹഖൽ, മദയൻ ശുഹൈബ് തുടങ്ങിയ പ്രദേശങ്ങളിലെ ചരിത്ര ശേഷിപ്പുകൾ തേടിയുള്ള യാത്ര ആരംഭിച്ചു.

തബൂക്കിൽ നിന്നും ഇരുനൂറ്റി അമ്പതു കിലോ മീറ്റർ അകലെയുള്ള 'തയ്യബ്സ്മ് '(THAYYIB ISM) എന്ന പ്രദേശമായിരുന്നു ആദ്യലക്ഷ്യം.
ഒരു ഭാഗത്ത് ശാന്തമായ, നീലിമയാർന്ന ചെങ്കടൽ മറുഭാഗത്ത് ഉയർന്ന കുന്നുകൾ ഇവക്കിടയിലൂടെയുള്ള യാത്ര കണ്ണിനും മനസ്സിനും കളിർമയേകി.

ചെങ്കടലിനോട് ചേർന്നുളള റോഡിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചാൽ തയ്യിബ് ഇസ്മ് എന്ന താഴ്വരയിൽ റോഡ് അവസാനിക്കുകയാണ്. അവിടെ വലിയ രണ്ടു കുന്നുകൾക്കിടയിലൂടെ ഒരു വാഹനത്തിന് കടന്ന് പോകാൻ മാത്രം വീതിയുള്ള വഴി സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമാണ്. (മൂസ നബിയും അനുയായികളും ഫിർഔനിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ചെങ്കടൽ പിളർത്തിപ്പോയ വഴിയാണ് ഇതെന്നാണ് വിശ്വാസം). ഈ ഭാഗത്തെ ചെങ്കടൽ തീരം കുളിക്കാൻ സൗകര്യമുള്ളവയായതിനാൽ ഗ്രൂപ്പ് അംഗങ്ങളിൽ പലരും നിന്തിക്കുളിക്കാനുള്ള അവസരം നന്നായി ഉപയോഗപ്പെടുത്തി. ഇവിടെ നിന്ന് നോക്കിയാൽ കടലിന്നപ്പുറത്തെ ഈജിപ്തിന്റെ ഭാഗമായ നീണ്ട് കിടക്കുന്ന സിനായ് പർവതം കാണാം.

മഗ്‌നയിലേക്കുള്ള വഴിയിലാണ് മറ്റൊരു പ്രധാന സന്ദർശന കേന്ദ്രമായ 'ഉയൂൻ മൂസ (Uyoon Musa) എന്ന തെളിനീർ ചോലയുള്ളത്. കടലിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈ ഭാഗത്തു ഇപ്പോഴും തെളിനീർ ഉറവകകൾ കിനിഞ്ഞു കൊണ്ടിരിക്കുന്നു. മൂസ നബി (അ) ആട്ടിടയന്മാർക്ക് വെള്ളം ലഭിക്കാൻ വേണ്ടി തന്റെ വടി നിലത്തൂന്നിയപ്പോൾ ഉറവ പൊട്ടിയ സ്ഥലമാണെന്നാണ് പറയപ്പെടുന്നത്.

കടലിന്നടുത്തുള്ള പ്രദേശമായതിനാൽ ഉച്ച ഭക്ഷണം മീൻ വിഭവമാക്കാൻ തീരുമാനിച്ചു. അടുത്തുള്ള ചെറിയ ഹോട്ടലുകളിൽ കയറി (എല്ലായിടത്തും വിഭവം മീൻ മാത്രം) വില അന്വേഷിച്ചപ്പോൾ വില റിയാദിലെത്തിനേക്കാൾ കൂടുതലാണ്. കാരണം പറയുന്നത് ഈ പ്രദേശത്തു ബോട്ടു വഴി മീൻപിടിത്തം നിരോധിച്ചിരിക്കുന്നുവെത്രേ. ഇസ്രായേൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി വളരെ അടുത്ത് അതിർത്തി പങ്കിടുന്നതിനാൽ പലപ്പോഴും മീൻ പിടുത്തക്കാർ അതിർത്തി ലംഘിച്ചു അയൽ രാജ്യങ്ങളുടെ പിടിയിൽ പെടുന്നതിനാലാണ് പ്രസ്തുത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഉച്ച ഭക്ഷണത്തിന് ശേഷം അടുത്ത ലക്ഷ്യമായ അൽബിദയ് എന്ന ഗ്രാമത്തിലെ 'മെഖായർ ശുഐബിലേക്കു' (മൂസ നബിയുടെ പ്രവാചകത്വത്തിനു മുമ്പ് അദ്ദേഹത്തിന്റെ കയ്യബദ്ധത്താൽ ഒരു ഖിബ്തി വംശജൻ കൊല്ലപ്പെട്ടതിനാൽ ഈജിപ്തിൽ നിന്നും രക്ഷപ്പെട്ടു പോരുന്ന വഴിക്കു ഒരു കിണറിന്നരികെ ശുഐബ് നബിയുടെ രണ്ടു പെൺകുട്ടികൾക്ക് ആടുകൾക്ക് നൽകാൻ വെള്ളം കോരിക്കൊടുത്ത കിണർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശുഐബ് നബിയുടെ അഭ്യർത്ഥന പ്രകാരം മൂസ നബി അദ്ദേഹത്തിന്റെ ഒരു മകളെ വിവാഹം ചെയ്യുകയും അവിടെ എട്ടുവർഷത്തോളം താമസിച്ചു എന്നുമാണ് ചരിത്രം.

അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചിരുന്ന അക്രമികളായ ശുഹൈബ് നബിയുടെ സമൂഹമായ അസ്ഹാബുൽ ഐക്ക(ഒരുതരം മുള്ള് മരത്തെ ആരാധിച്ചിരുന്ന സമൂഹം) യെ പ്രകമ്പന ശിക്ഷയിലൂടെ നശിപ്പിച്ച മദയൻ പ്രദേശവും ബദയ ഗ്രാമത്തിലാണ്.

സഊദി ദേശീയ, വിനോദ സഞ്ചാര, പൈതൃക വകുപ്പിന്റെ കീഴിലുളഉ 'ബദ് യ മ്യൂസിയം' എന്ന സ്ഥാപനവും ഇവിടെയുണ്ട്. ഒരു താഴ്വരയിലെ കുന്നുകളും പാറകളും തുരന്നുണ്ടാക്കിയ ഗുഹാ രൂപത്തിലുള്ള കല്ലറകളാണ് ഇവിടത്തെ പ്രധാന കാഴ്ച.

വൈകുന്നേരത്തോടെ ബദ് യ ഗ്രാമത്തിൽ നിന്നും നൂറ്റി പതിനഞ്ചു കിലോമീറ്റർ അകലെയുള്ള അഖബ ഉൾക്കടലിനോട് ചേർന്നുള്ള
'
ഹഖൽ' (HAQL) പട്ടണത്തിലേക്കു പുറപ്പെട്ടു. ഹഖലിലാണ് സൗദി - ജോർദാൻ ബോർഡറിലെ ദുറ: ചെക്ക്പോസ്റ്റ്. ഇവിടെ നിന്ന് രാത്രി സമയങ്ങളിൽ അഖബ ഉൾക്കടലിനക്കരയിലേക്ക് നോക്കിയാൽ ഈജിപ്ത്, ജോർദാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ ലൈറ്റുകള് വേറിട്ട് വളരെ അടുത്തായി കാണാം. സൗദിയുമായി ഈ മൂന്ന് രാജ്യങ്ങള് ഏറ്റവും അടുത്ത് നിൽക്കുന്ന പ്രദേശം കൂടിയാണ് ഹഖൽ

ഹഖിലിൽ നിന്നും ചെങ്കടൽ തീരത്ത് കുടി ഏതാണ്ട് അറുപത് കിലോമീറ്റർ അകലെയുള്ള കടലിൽ ഒരു ചരക്ക് കപ്പൽ കരക്കണിഞ്ഞത് കാണാൻ കഴിഞ്ഞു. 1978ൽ ജോർജിയയിൽ നിന്നും മൈദയുമായി സൗദിയിലേക്ക് വന്ന കപ്പൽ കരയുടെയടുത്ത് അടിഭാഗംതട്ടി ചെരിഞ്ഞാണ് അപകടം ഉണ്ടായത്. ധാരാളം സന്ദർശകർ ഇപ്പോഴും പ്രസ്തുത കപ്പൽ കാണാൻ വന്നു കൊണ്ടിരിക്കുന്നുണ്ട്. ശാന്തമായ കടലും അടിയിൽ നല്ല മണലുമായതിനാൽ ഞങ്ങൾ എല്ലാവരും ഇവിടെ കുളിക്കാൻ ഇറങ്ങി. കരയിൽ നിന്നും നൂറു മീറ്ററിൽ താഴെ അകലത്തിലുള്ള കപ്പലിനടുത്തേക്ക് നീന്തിയടുത്ത് കപ്പലിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. കപ്പലിന്റെ അടിഭാഗം എല്ലാം തുരുമ്പെടുത്ത ദ്രവിച്ചു ഇല്ലാതായികൊണ്ടിരിക്കുന്നതായി കണ്ടു.

ഞങ്ങളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളെല്ലാം ബൈബിൾ പോലുള്ള മതഗ്രന്ഥങ്ങളിലും മറ്റും പരാമർശങ്ങളുള്ളതിനാൽ ഒട്ടേറെ ക്രൈസ്ത വിശ്വാസികളും സന്ദര്ശകരായി എത്തുന്നുണ്ട്.

ഉച്ചയോടു കൂടി വീണ്ടും തബൂക്കിലെത്തി. ഇസ്ലാമിക ചരിത്രത്തിൽ ഏറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് തബൂക്ക്.
ഹി. ഒമ്പതാം വർഷം (AD 630) കൊടിയ വരൾച്ചയും ദാരിദ്ര്യവ്യം നേരിട്ടിരുന്ന സമയത്ത് കിഴക്കൻ റോമ സാമ്രാജ്യത്തിനെതിരെ നബി(സ) യുടെ നേതൃത്തിൽ 30,000 പേരെ യുദ്ധത്തിനായി ഒരുക്കി മദീനയിൽ നിന്നും തബൂക്കിലേക്ക് പുറപ്പെട്ടുവെങ്കിലും ഇസ്ലാമിക സമൂഹത്തിന്റെ യുദ്ധ സന്നാഹം മണത്തറിഞ്ഞ് യുദ്ധത്തിൽ റോമാ സമൂഹം സിറിയയിലേക്ക് പിന്തിരിഞ്ഞു പോയി. സൂറ: തൗബയിൽ വിശദമായി പ്രതിപാദിച്ച പ്രമുഖരായ 3 സഹാബികൾ യുദ്ധ മുന്നണിയിൽ നിന്ന് മാറി നിന്നതും അബൂബക്കർ (റ), ഉമർ (റ) പോലുള്ള സഹാബിവര്യന്മാർ യുദ്ധ ഫണ്ടിലേക്ക് സംഭാവന നല്കി മത്സരിച്ചതുമൊക്കെ തബൂക്ക് യുദ്ധത്തിന്റെ മറക്കാനാവാത്ത ഏടുകളാണ്. പ്രവാചകൻ (സ) പങ്കെടുത്ത അവസാന യുദ്ധമായിരുന്നു തബൂക്ക് യുദ്ധം

തബൂക്കിലേക്കുളള വഴിയോരങ്ങൾക്കിരുവശവും കൈകൊണ്ട് കൊത്തിയുണ്ടാക്കിയ ശിലാശില്പങ്ങൾ പോലുള്ള പാറക്കൂട്ടങ്ങൾ, വിവിധ നിറത്തിലുള്ള മൊട്ട കുന്നുകൾ തുടങ്ങിയവ കിലോമീറ്ററുകൾ ദുരം നീണ്ടുകിടക്കുന്ന കാഴ്ചകൾ ഏവരെയും അത്ഭുതപ്പെടുത്തുന്നവയാണ്.

പ്രവാചകന്റെ കാലം മുതലെയുളള അങ്ങാടിയായ സൂഖുൽ ബദുവിന് സമീപത്ത് നിരവധി ചരിത്ര സ്മാരകങ്ങൾ കാണാം. തബൂക്ക് യുദ്ധ സമയത്ത് പ്രവാചകൻ താമസിച്ച പള്ളിയായ മസ്ജിദു തൗബ (മസ്ജിദു നബി) എന്നും വിളിക്കാറുണ്ട്. (AD 1652ൽ പുതുക്കിപ്പണിത ഈ പളളി ഫൈസൽ രാജാവിന്റെ കാലത്ത് ഒരിക്കൽ കൂടി നവീകരിച്ചിട്ടുണ്ട്)

ഉസ്മാനിയാ സാമ്രാജ്യ സ്ഥാപകൻ സുൽത്താൻ സുലൈമാൻ സ്ഥാപിച്ച 2 നിലയുള്ള തബൂക്ക്കോട്ട (AD 1844ൽ ഭാഗികമായി നവീകരിക്കുകയുണ്ടായി). യുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന പ്രസിദ്ധമായ നീരുറവയും ഈ കോട്ടക്ക് സമീപം സ്ഥിതി ചെയ്യുന്നു.

തുർക്കിയിൽ നിന്നും മദീനയിലേക്ക് സർവ്വീസ് നടത്തിയിരുന്ന ഹിജാസ് റെയിൽവെ വഴിയാണ് ജോർദാൻ സിറിയ ഈജീപത് എന്നീ രാജ്യക്കാർ ഹജ്ജിനായി എത്തിയിരുന്നത്. ഹിജാസ് റെയിൽവെയുടെ പ്രധാന സ്റ്റേഷനാണ് തബൂക്ക്. (ഇപ്പോൾ പുന:നിർമ്മാണത്തിനായി പൂട്ടിയിരിക്കുന്നു).തുടങ്ങിയവയൊക്കെ തബുക്കിലെ പ്രധാന ചരിത്ര ശേഷിപ്പുകളാണ്.

പ്രവാചകൻ വിശേഷിച്ചപോലെ വിവിധ ഇനം പഴങ്ങൾ, പച്ചക്കറികൾ, നീരുറവകൾ എന്നിവയാൽ സമൃദമാണ് ഈ പ്രദേശം. അതിനാൽ ആസ്ട്ര പോലുള്ള വൻകിട കമ്പനിക്കാരുടെ ഫാമുകളും ഈത്തപ്പഴ തോട്ടങ്ങളും തബൂക്ക് സന്ദർശകരുടെ സ്ഥിരം സന്ദർശന കേന്ദ്രങ്ങളാണ്.

സഊദി അറേബ്യ പ്രഖ്യാപിച്ച വിഷ്യൻ 2030 ന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സ്വപ്ന പദ്ധതിയായ നിയോൺ സിറ്റിയുടെ ആസ്ഥാനം ശർമ്മ എന്ന പ്രദേശമാണെങ്കിലും അതുമായി ബസപ്പെട്ട പല പ്രോജക്ടറ്റുകളും ഈ മേഖലകളിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്നുണ്ട്. വടക്കൻ മേഖലയിലെ പ്രമുഖ തുറമുഖമായ ദുബയിൽ നിന്നും ഈജിപ്തിലേക്ക് ഫെറി സർവ്വീസ് ഉണ്ട്. 22 മിനിറ്റ് കൊണ്ട് ഈജിപ്തിലെത്താൻ സാധിക്കുന്ന രീതിയിലുള്ള പുതിയ കോസ് വേ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും .

സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് എന്ന സർക്കാർ വകുപ്പിന്റെ കീഴിൽ രാജ്യത്തെ മൊത്തം പൗരാണിക ചരിത്ര പ്രദേശങ്ങളെയും നിർമ്മിതികളെയും കുറിച്ച് വിശദമായ ഗവേഷണങ്ങളും സംരക്ഷണവും നല്കാൻ കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് ആശാവഹമാണ്.

അതോടൊപ്പം ഈയിടെ പ്രഖ്യാപിച്ച ടൂറിസ്റ്റ് വിസ നിയമങ്ങൾ സുതാര്യമാക്കിയ പ്രഖ്യാപനവും ചരിത്രഗവേഷകർക്കും സന്ദർശകർക്കും ഏറെ ഉപകാരപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.

 
Published in Malayalam news on 24-03-2020 as feature article in SANCHARAM

Visit and LIKE

Face Book Page:
https://www.facebook.com/Janasamakshamblog/

Blog:
http://janasamaksham.blogspot.com/





ANVAR VADAKKANGARA 
BAYSH – JIZAN
K.S.A 
MOB:W.App  00966507588672

No comments: