1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, April 16, 2017

ഹജ്ജ് സബ്‌സിഡി : നേട്ടം തീര്‍ത്ഥാടകര്‍ക്കല്ല.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതും വിശ്വാസികള്‍ക്ക് ഒരിക്കല്‍ മാത്രം നിര്‍ബന്ധവുമായ ഒരു സുപ്രധാന ആരാധനാകര്‍മമാണ് ഹജ്ജ്. മക്കയില്‍ പോയി തിരിച്ചുവരാന്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ കഴിവും യാത്രാനുമതിയുമുള്ള, പകര്‍ച്ചവ്യാധി തുടങ്ങിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ നിര്‍ഭയത്വത്തോടെ യാത്രചെയ്യാനുള്ള അവസരം ഒത്തുവന്നവര്‍ക്കു മാത്രമാണ് ഇസ്‌ലാം ഹജ്ജ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. തികച്ചും നിഷ്‌കളങ്കനായി അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് ചെറുതും വലുതുമായ പാപങ്ങളില്‍നിന്നു മുക്തനായി നല്ല മാര്‍ഗത്തിലൂടെ ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് ഹജ്ജ് ചെയ്താല്‍ മാത്രമേ ഒരാളുടെ ഹജ്ജ് സ്വീകാര്യമാവുകയുള്ളൂവെന്നതിനു പ്രമാണങ്ങള്‍ തെളിവാണ്.
അതിനാല്‍ ഒരു പുണ്യകര്‍മത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറായ തീര്‍ത്ഥാടകന്‍ ഹജ്ജ് സബ്‌സിഡി എന്ന സര്‍ക്കാര്‍ സഹായത്തിനായി കൈ നീട്ടേണ്ടതില്ല. എന്നാല്‍, നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ കടം വീട്ടാനാണ് ഹാജിമാരുടെ സമ്പത്ത് സര്‍ക്കാര്‍ കൊള്ളയടിക്കുന്നത്. രാജ്യത്തെ പൗരന്‍മാരുടെ നികുതിപ്പണത്തില്‍നിന്ന് ഭീമമായ സംഖ്യ മുസ്‌ലിം തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ ചെലവഴിക്കുന്നുവെന്ന് തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സബ്‌സിഡി ഇനത്തില്‍ ഹാജിമാര്‍ക്ക് കൊടുക്കുന്ന സംഖ്യയേക്കാള്‍ സര്‍ക്കാരിനും ദേശീയ വിമാനക്കമ്പനിക്കുമാണ് കൂടുതല്‍ നേട്ടം കിട്ടുന്നതെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. വര്‍ഷംതോറും ഇന്ത്യയില്‍ നിന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോവാന്‍ അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫീസ്, നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം കിട്ടാനായി അഞ്ചുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിക്കുന്ന ആയിരങ്ങളില്‍ നിന്ന് കൊല്ലംതോറും ഈടാക്കുന്ന ഫീസ്, അപേക്ഷ സ്വീകരിച്ചാല്‍ അഡ്വാന്‍സായി ഓരോ ഹാജിയില്‍ നിന്നും വാങ്ങുന്ന വന്‍തുക, ഒരുലക്ഷത്തിലധികം വരുന്ന ഹാജിമാര്‍ക്കുള്ള അന്താരാഷ്ട്ര വിമാനടിക്കറ്റ്, മക്ക, മദീന, മിനാ എന്നിവിടങ്ങളിലെ താമസം, ബസ് യാത്ര, ഭക്ഷണം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ നിന്നു കിട്ടുന്ന ഇളവുകള്‍- ഇങ്ങനെ പലതരത്തിലാണ് ഓരോ വര്‍ഷവും മുടങ്ങാതെ സര്‍ക്കാരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിമാന യാത്രക്കൂലിയും ഹജ്ജ് തീര്‍ത്ഥാടകരില്‍നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈടാക്കുന്ന വിമാനക്കൂലിയും തമ്മിലുള്ള അന്തരമാണ് ഹജ്ജ് സബ്‌സിഡിയായി വിതരണം ചെയ്യുന്നത്.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് സുപ്രിംകോടതിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുന്നതിനെ എതിര്‍ക്കുന്ന മത-രാഷ്ട്രീയ നേതാക്കന്‍മാരും ഉണ്ട്.
യഥാര്‍ഥത്തില്‍ സാധാരണ നിരക്കില്‍ ഹജ്ജ് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറാവുകയോ അന്താരാഷ്ട്ര ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ തയ്യാറാവുന്ന വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുകയോ ചെയ്താല്‍ ഹാജിമാര്‍ക്ക് പിന്നെ ഇത്തരം സൗജന്യങ്ങള്‍ വേണ്ടിവരില്ല. ഇതുകൂടാതെ മുമ്പ് സൂചിപ്പിച്ചപോലെ ഹജ്ജ് യാത്ര തുടങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കാലയളവില്‍ വ്യത്യസ്ത സൗകര്യങ്ങള്‍ സജ്ജീകരിക്കുമ്പോള്‍ ലഭ്യമാവുന്ന ഇളവുകളില്‍ നിന്ന് ഒരു ഭാഗമെങ്കിലും നീക്കിവച്ചാല്‍ ഹജ്ജിനുള്ള ചെലവ് പിന്നെയും കുറയ്ക്കാന്‍ പറ്റും.
ഇന്ന് ഹജ്ജ് സര്‍ക്കാരിനും എയര്‍ ഇന്ത്യക്കും വലിയൊരു വരുമാനമാര്‍ഗമായി നിലനില്‍ക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീമമായ ഒരു സംഖ്യ ചെലവഴിക്കേണ്ടിവരുന്നു. ഇതുകൊണ്ടാണ് പലരും ഹജ്ജ് സബ്‌സിഡി പൂര്‍ണമായും എടുത്തുകളയുന്നതിനെ എതിര്‍ക്കുന്നത്.


No comments: