1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, January 21, 2013

എം.പി. എന്തറിഞ്ഞു ജെ.കെ.എഫിനെ കുറിച്ച്?

ഇന്ത്യാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള ഇന്ത്യാഫെസ്റ്റിവലില്‍ കേരളീയരെ പ്രതിനിധീകരിച്ച് ജിദ്ദ കേരളൈറ്റ്സ് ഫോറം (ജെ.കെഎ,ഫ്) സംഘടിപ്പിച്ച കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തത് സുധാകരന്‍ എം..പി ആയിരുന്നു.

ഗള്‍ഫില്‍ എവിടെയും കാണാത്ത അത്ഭുത കൂട്ടായ്മയുടെ മദ്ഹും പ്രത്യേകതയും എം.പി അവര്‍കള്‍ പ്രത്യേകം എടുത്തുപറഞ്ഞു. ജിദ്ദയിലെ കേരളീയ  പ്രവാസി സമൂഹത്തിന്റെ ആഗ്രഹവും എംപി  സൂചിപ്പിച്ചതുതന്നെയാണ്. പക്ഷേ എഴുപതിലധികം സംഘടനകളുടെ പ്രാതിനിധ്യമവകാശപ്പെട്ടുകൊണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന ഈ സംഘടന ഇതേപോലുള്ള ഉത്സവ, സ്വീകരണ പരിപാടികളല്ലാതെ മറ്റെന്തു ചെയ്തുവെന്നു എംപി സാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.

നാട്ടിലെയും ഗള്‍ഫിലെയും വിലക്കയറ്റവും പ്രവാസ ഭൂമിയില്‍ ഇടയ്ക്കിടെ മാറിവരുന്ന പുതിയ നിയമവ്യവസ്ഥകളും സാധാരണക്കാരായ പ്രവാസികളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. കേരളോത്സവത്തിന് കാണിച്ച ഐക്യവും ഉത്സാഹവും മേല്‍ സൂചിപ്പിച്ച വിഭാഗത്തിന്‍റെ ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഫോറത്തിന് സാധിക്കാതെ പോകുന്നത് എന്തുകൊണ്ട്?

നാട്ടില്‍ നാം കണ്ടു ശീലിച്ച കൊടികളുടെ നിറങ്ങളായ രണ്ടു പച്ചയും രണ്ടു ചുവപ്പും ഒരു മിക്സടുമായ കൂട്ടുമുന്നണിക്കാര്‍, അംഗസംഘടനകളെ നോക്കുകുത്തിയാക്കി പങ്കുവെച്ചെടുക്കുന്ന ഒരേര്‍പ്പാട് എന്നതില്‍ കവിഞ്ഞ്‌ ഈ ഫോറത്തിന് കാര്യമായി ഒരു പ്രവര്‍ത്തന പാരമ്പര്യവും അവകാശപ്പെടാനില്ല എന്നത് സത്യം.

ഉദാഹരണത്തിന് ഒരു ഇന്ത്യന്‍ പൌരന്‍റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ മാതൃരാജ്യത്ത് 500 രൂപ വര്ദ്ധിപ്പിച്ചപ്പോള് സൗദിയില് അതിന്റെ മൂന്നിരട്ടിയാണ് കൂട്ടിയത്. താഴ്ന്ന വരുമാനക്കാരായ പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഈ അനീതിക്ക് എന്ത് ന്യായീകരണമാണുള്ളത്?. ഇതിനെതിരെ ഗള്‍ഫിലെയും സൌദിയിലെ മറ്റു പ്രവിശ്യകളിലെയും ചില സാമൂഹ്യ സംഘടനകള്‍ കേസുമായി മുന്നോട്ടുപോകുമ്പോള്‍ അതിന് പിന്തുണനല്‍കാന്‍ പോലും തയ്യാറാകാതെ അടുത്തൊന്നും പറക്കാന്‍ സാധ്യതഇല്ലാത്ത എയര്‍ കേരളക്ക് പിറകെയാണ് ജെ.കെ.എഫിലെ പ്രമുഖര്‍.

അതിനാല്‍ കോണ്‍സുലേറ്റിലും മറ്റും കേരളീയ സമൂഹത്തിന്‍റെ മൊത്തം പ്രാതിനിധ്യം അവകാശപ്പെടുന്നവര്‍ കര്‍മ്മരംഗത്തിറങ്ങി പ്രവാസി സമൂഹത്തിന്റെ താങ്ങും തണലുമാവാന്‍ തയ്യാറാവുക അതല്ല തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉത്സവ, സ്വീകരണ പരിപാടികളുമായി മുന്നോട്ട്‌ പോകാനാണ് താല്പര്യമെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്കുക. (Published in G.Thejas 20-1-13)

 

2 comments:

Anonymous said...

Aam Aadmi Party Kerala

a.rahim said...

ഒരു പരിപാടിയുടെ ക്ഷണം ഏറ്റുവാങ്ങി വരുന്ന ഒരു നേതാവ് തീര്‍ച്ചയായും ആ സംഘടനയെ കുറിച്ചു പറയുന്നതേ സുധാകരനും ചെയ്തുള്ളു.

പക്ഷേ ഈ കൂട്ടായ്മയുടെ നിര്‍ജ്ജീവതക്കെതിരെ പ്രതികരിക്കാതെ മാളത്തിലൊളിച്ചു നില്‍ക്കുന്ന നമ്മളല്ലേ തെറ്റുകാര്‍...............