1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, May 9, 2012

അഡ്വ. ഷാനവാസിന്‍റെ അറസ്റ്റ്‌: ഇ മെയില്‍ വേട്ട മാത്രമോ?


പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. ഷാനവാസിനെ അറസ്റ്റ്‌ ചെയ്തതിലൂടെ കേരള സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഇ മെയില്‍ വേട്ടയുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പൊതുവേ മതേതരത്വം നിലപാടുമായി മുന്നോട്ടു പോയിരുന്ന കേരള സര്‍ക്കാരും ഭരണകൂട ഭീകരതയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ പിന്നിലാക്കിക്കൊണ്ട് അതിവേഗം ബഹുദൂരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണിന്ന്.

2001ല്‍ നിരോധിക്കപ്പെട്ട സിമിയുടെ നിരോധനം തുടര്‍ന്നുകൊണ്ടുപോകാന്‍ കാര്യമായ തെളിവുകള്‍ കിട്ടാതെ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാരിനു തെളിവുകള്‍ സംഘടിപ്പിക്കുന്നതിനു വേണ്ടിയാണ് ഇ മെയില്‍ വേട്ടയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെന്നു ന്യായമായും സംശയിക്കണം.

സര്‍ക്കാര്‍ ഭാഷ്യപ്രകാരം രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് 268 പേരുടെ ഈ മെയില്‍ ലോഗിന്‍ ഐഡിയും ലോഗിന്‍ വിവരങ്ങളും അന്വേഷിക്കാന്‍ ഉത്തരവിട്ട പോലീസ്‌ മേധാവിയുടെ നടപടിക്ക് മുഖ്യമന്ത്രി പോലും മാപ്പ് പറയേണ്ടി വന്നു.  ഈ കൃത്യത്തിലെ പ്രതിയായ പൊലീസ് മേധാവിയെ രക്ഷിക്കുകയും കീഴ്‌ ഉദ്യോഗസ്ഥനെയും അദ്ദേഹം കണ്ടവരെയും സംസാരിച്ചവരെയുമൊക്കെ അകാരണമായി അറസ്റ്റു ചെയ്യുന്ന ഇരട്ടത്താപ്പിന്‍റെ ഭാഗമല്ലേ അഡ്വ. ഷാനവാസിന്റെ അറസ്റ്റ്‌?.

സിമി നിരോധം പുനഃപരിശോധിക്കാന്‍ ദല്‍ഹി ഹൈകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള ട്രൈബ്യൂണലിന്റെ കേരളത്തിലെ പ്രഥമ സിറ്റിങ്ങില്‍  പങ്കെടുക്കേണ്ടിയിരുന്ന അഡ്വ. ഷാനവാസിനെ അതില്‍ നിന്നും തടയുകയായിരുന്നില്ലേ ധൃതിപിടിച്ചുള്ള ഈ അറസ്റ്റിന്‍റെ ഉദ്ദേശ്യം?.

പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ ഉറുദു കവി മിര്‍സാഗാലിബിന്റെ കവിതാശകലം വികലമായി പരിഭാഷപ്പെടുത്തിയതും ഉര്‍ദുവിലുള്ള ബാലപ്രസിദ്ധീകരണങ്ങള്‍മൊക്കെ സിമിക്കെതിരെയുള്ള തെളിവുകളായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍  നിരത്തുമ്പോള്‍  ആറു വര്ഷം മുമ്പ് പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ വെച്ച് നോട്ടീസ്‌ അടക്കം പ്രസിദ്ധീകരിച്ചു നടത്തിയ രഹസ്യ ക്യാമ്പ് ആണത്രേ കേരള സര്‍ക്കാറിനുള്ള തെളിവുകള്‍.

ഒരു സംഘടനയെ നിരോധിക്കാന്‍ നാലാളോട് പറയാന്‍ പറ്റിയ ഒരു തെളിവ്‌ കിട്ടാതെ പതിനൊന്ന് വര്‍ഷമായി രാജ്യമൊട്ടാകെ കറങ്ങി നടക്കുന്ന കേന്ദ്ര - സംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങളുടെ ഗതികേട് ലജ്ജാകരം തന്നെ.
(G.Madhyamam 06 May 20112)


1 comment:

jailaf said...

ആര്യാടൻ മുഹമ്മദിന്റെ ചരടുവലികളെക്കുറിച്ച് അന്വേഷനം നടത്തിയാൽ അറിയാം ആ നാവാട്ടത്തിന്റെ “ഗുണമേന്മ”