1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, April 20, 2011

ജനാധിപത്യരാഷ്ട്രത്തിലെ കാടന്‍ നിയമങ്ങള്‍

ഛത്തിസ്ഗഢ് സര്‍ക്കാറിന്റെ സര്‍വ കുതന്ത്രങ്ങളെയും അതിജീവിച്ച ഡോക്ടര്‍ ബിനായക്‌ സെന്‍ നീണ്ട കാലത്തെ കാരാഗൃഹ വാസത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ 18നു ജയില്‍ മോചിതനായി. ഛത്തിസ്ഗഢിലെ പാവങ്ങള്‍ക്ക് സ്വാന്ത്വനമേകിയിരുന്ന  61കാരനായ ഈ മനുഷ്യാവകാശ പ്രവര്‍ത്തകനെ രാജ്യദ്രോഹ കുറ്റംചുമത്തി ജയിലിലടക്കാന്‍ കാരണമായത് നക്‌സലുകളെ സഖാക്കളെന്ന് വിളിച്ചതും  നക്‌സല്‍ ആദര്‍ശം വിളിച്ചോതുന്ന പ്രസിദ്ധീകരണങ്ങള്‍ കൈവശം വെച്ചതുമൊക്കെയായിരുന്നത്രേ!.

ഏതെങ്കിലും രീതിയില്‍ തീവ്രവാദചിന്തയുമായി ബന്ധപ്പെടുന്നത് കൊണ്ടല്ല നമ്മുടെ രാജ്യത്ത്‌ ഒരാള്‍ രാജ്യദ്രോഹിയായി മുദ്രകുകുത്തപ്പെടുന്നത് എന്ന് തെളിയിക്കുന്ന

സമാനമായ ഒട്ടേറെ സംഭവങ്ങള്‍ നമ്മുടെ കേരളത്തിലും നടന്നിട്ടുണ്ട്. നിരോധിക്കപ്പെടുക പോലും ചെയ്യാത്ത പുസ്തകങ്ങളും സിഡികളും കൈവശം വെച്ചവരെയും അത് വായനക്കുവെച്ച പൊതുവായനശാലകളെപ്പോലും  സംശയത്തിന്റെ നിഴലില്‍ അകപ്പെടുത്തി തീവ്രവാദത്തിനു തെളിവുണ്ടാക്കിയതും നാം മറന്നിട്ടില്ല. നിരവധി മുസ്ലിം യുവാക്കള്‍ അതിന്റെ പേരില്‍ ഇന്നും കോടതിയും കേസുമായി നാളുകള്‍ തള്ളിനീക്കുന്നു. നമ്മുടെ മീഡിയ ഇടയ്ക്കിടയ്ക്ക് ആഘോഷിച്ചുകൊണ്ടിരിക്കുന്ന പല രാജ്യദ്രോഹ കേസ്സുകളും പുതിയ വിധിയനുസരിച്ച് എത്രത്തോളം നിലനില്‍ക്കുന്നതാണെന്നു ഒരു വേള ചിന്തിക്കുന്നത് നന്നായിരിക്കും. 

ഒരു വിഭാഗത്തോട് അനുഭാവം പുലര്‍ത്തുന്നതും അവരുടെ കൃതികളും ലഘുലേഖകളും കൈവശം വെക്കുന്നതുമൊക്കെ രാജ്യദ്രോഹമായി കാണുന്നത് അപഹാസ്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതിയുടെ അഭിപ്രായം, ബാലിശമായ 'തെളിവുകള്‍' ആധാരമാക്കി നിരപരാധികളെ പിടികൂടി കുറ്റപത്രം പോലും നല്‍കാതെ  പീഡിപ്പിച്ചുവരുന്ന കീഴ്‌വഴക്കത്തിനെതിരെയുള്ള ശക്തമായ താക്കീതും കൂടിയാണ്.

എല്ലാ തരത്തിലുള്ള ലഘുലേഖകളും വിതരണം ചെയ്യപ്പെടും. അതെല്ലാം നമ്മുടെ കൈകളിലുമെത്തും. ഇതിലും വലിയ അപകടകരമായ സാഹിത്യങ്ങള്‍ തന്റെ വീട്ടിലുണ്ടെന്നും മഹാത്മാഗാന്ധിയുടെ ജീവചരിത്രം ആരുടെയെങ്കിലും വീട്ടിലുണ്ടെന്ന് കരുതി അയാള്‍ ഗാന്ധിയനായി തീരുമോ എന്നും സെന്നിന്‍റെ ജാമ്യഹരജിയില്‍ വിധി പറഞ്ഞ കോടതി ബെന്ചിന്‍റെയും പ്രശസ്ത അഭിഭാഷകന്‍ രാംജത്മലാനിയുടെയും പരാമര്‍ശങ്ങള്‍ തീവ്രവാദത്തിന്റെ പേരില്‍ കാടിളക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന നിരീക്ഷണങ്ങളാണ്.

ഭരണകൂടത്തിന്‍റെ അനീതിക്കെതിരെ ശബ്ദിക്കേണ്ടത് ഓരോ പൌരന്റെയും ബാധ്യതയാണെന്നും നിയമ നീതിന്യായ സംവിധാനങ്ങള്‍ ഒരു പൌരന്‍റെ സുരക്ഷ ഉറപ്പു നല്‍കുന്നവയായിരിക്കണമെന്നുമാണ് രാഷ്ട്രപിതാവ്‌ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

സാമ്രാജ്യത്വ ഭരണകൂടം കോളനി നിവാസികളെ അടിച്ചൊതുക്കാനായി ഒന്നര നൂറ്റാണ്ട് മുമ്പ് നടപ്പിലാക്കിയ സ്വേച്ഛാധിപത്യ നിയമം സ്വതന്ത്ര ജനാധിപത്യരാഷ്ട്രത്തിനു ചേര്‍ന്ന വിധം കാലോചിതമായ പരിഷ്‌കരിക്കാനും പുനഃക്രമീകരിക്കാനും ഈ വിധി നിമിത്തമായെങ്കില്‍ എന്ന ശുഭപ്രതീക്ഷയിലാണ് മനുഷ്യ സ്നേഹികള്‍.
  (Malayalam News 20 April 2011)