1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Thursday, April 7, 2011

നമ്മെ നയിക്കേണ്ടത് ക്രിമിനലുകളോ?!

മീനച്ചൂടിനെ പാടെ മറന്നു കൊണ്ട് പതിനാലാം നിയമസഭയിലേക്കുള്ള തങ്ങളുടെ പ്രതിനിധിയെ വിജയിപ്പിച്ചെടുക്കാനുള്ള അവസാനഘട്ട പരിശ്രമത്തിലാണ് കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും. .
കൊലപാതകം, മാനഭംഗം, കൊള്ള തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നും രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ വര്‍ധിച്ചുവരുന്നത് പരിശോധിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈശി ആവശ്യപ്പെട്ടത് കുറച്ചു മുമ്പാണ്. കാരണം നമ്മുടെ ലോകസഭയിലെ 543 അംഗങ്ങളില്‍ അതിഗൌരവതരമായ ക്രിമിനല്‍ കേസ്സുകളില്‍പ്പെട്ട 37 എം.പിമാരടക്കം 160 ഓളം മെമ്പര്‍മാര്‍ ക്രിമിനലുകളാണത്രേ!. രാജ്യസഭയിലും ക്രിമിനലുകളുടെയും കോടീശ്വരന്മാരുടെയും എണ്ണം ഞെട്ടിപ്പിക്കുന്നതാണ്.

സാക്ഷരതയിലും സംസ്കാരതിലുമൊക്കെ മുന്നിട്ടു നില്‍ക്കുന്നവരെന്നു ഊറ്റം കൊള്ളുന്ന  കേരളത്തില്‍ ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും ശേഷം സീറ്റ് തരപ്പെട്ട് നമ്മുടെ വിലയേറിയ വോട്ടിനായി യാചിച്ചു വരുന്നവരില്‍ 15% കോടീശ്വരന്മാരും 43% ക്രിമിനലുകളുമാണെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ച് നടത്തിയ സര്‍വെയ്യില്‍ വ്യക്തമാക്കുന്നു.
പണത്തിന്റെ കൊഴുപ്പ് കൊണ്ട് സീറ്റും വോട്ടും നേടി ജയിച്ചു വരുന്നവരും കൊള്ള, കൊല, ലൈംഗിക അപവാദം, അഴിമതി തുടങ്ങിയ ഭീകരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും നടത്തുന്ന മാഫിയഗുണ്ടായിസ ഭരണം നമ്മുടെ സ്വൈര്യജീവിതത്തിനു പോലും ഭീഷണിയായിരിക്കും.
മൂന്നര കോടിയോളം വരുന്ന കേരള ജനതയെ സേവിക്കാനും നാടിനെ പുരോഗതിയിലേക്ക് നയിക്കാനും നിസ്വാര്‍ത്ഥരും സേവന തല്‍പ്പരരുമായ 140 പ്രവര്‍ത്തകരെയോ അല്ലെങ്കില്‍ സ്വതന്ത്രരായ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെയോ മല്‍സരിപ്പിക്കാന്‍ എട്ടും പത്തും പാര്‍ട്ടികളടങ്ങിയ മുന്നണികള്‍ക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല.
മനുഷ്യ ജീവനു തന്നെ ഭീഷണിയായ രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും ക്രിമിനലുകളുടെ രാഷ്ട്രീയവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്ന മുന്നണികളുടെ വികൃതമായ ക്രിമിനല്‍ മുഖങ്ങള്‍ മറച്ചു വെക്കാനാണ് ഓരോ തെരെഞ്ഞെടുപ്പുകളിലും ചര്ച്ച ചെയ്യപ്പെടെണ്ട അടിസ്ഥാന വിഷയങ്ങള്‍ മാറ്റി വെച്ച് വര്‍ഗീയത കളിക്കാനും അപ്രധാനവും നിസ്സാരവുമായ കാര്യങ്ങള്‍ വലിയ വിഷയങ്ങളാക്കി കൊണ്ടാടപ്പെടുന്നതിലെ രഹസ്യവുമെന്ന് നാം തിരിച്ചറിയണം.
(Madhyamam 15 April, Malayalam News 09 April 2011, G.Madhyamam 08 April 2011)





6 comments:

Sidheek Thozhiyoor said...

ക്രിമിനലുകള്‍ക്ക്വേണ്ടി ക്രിമിനലുകളാല്‍ ഭരിക്കപ്പെടുന്ന ഒരു ക്രിമിനല്‍ രാജ്യം ആവുമോ നമ്മുടെ ഇന്ത്യ ?
* ഫോണ്ട് നോര്‍മലാണ് വായനാ സുഖത്തിനു നല്ലത്.

amnadwi said...

ആഗോള ക്രിമിനല്‍ രാഷ്ട്രം അമേരിക്കയുടെ തെമ്മാടി നയങ്ങള്‍ നമ്മുടെ നാട്ടിലും നടപ്പാക്കണമെങ്കില്‍ മാന്യന്മാരായ രാജ്യസ്നേഹികള്‍ ക്രിമിനലുകളാവാതെ സാധ്യമല്ല.
മതത്തിന്റെ വിശുദ്ധി പോലും വലിച്ചെറിഞ്ഞു പുതിയ പുതിയ അവ'താര'ങ്ങള്‍ വൃത്തി കെട്ട വിഴുപ്പലക്കലിന്റെ വികൃത സംസ്കാരത്തെ പുണര്‍ന്നു രാഷ്ട്ര്വീയഗോദയിലിറങ്ങുന്ന ഇക്കാലത്ത് തിരുത്തല്‍ ശക്തിയായി സമൂഹത്തില്‍ ആരാണ് ബാക്കിയുള്ളത് ?

ഐക്കരപ്പടിയന്‍ said...

ക്രിമിനലിസം എന്ന പുതിയ പ്രത്യയശാസ്ത്രം തന്നെ പിറവിയെടുക്കുമോ...?

Basheer said...

നിരപരാതികള്‍ അകത്തും ക്രിമിനല് പുറത്തും സൌരമായി വിലശുന്നു. പാവപെട്ടവന് നീധി ലഭികേണ്ട കോടതി വരെ ക്രിമിനലു കള്‍ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കയിച്ചയാണ് നാം കാണുന്നത്. ജഡ്ജി മാരുടെ മത വിശോസം അനുസരിച്ച് വിധി പറയുന്ന കായിച്ചകള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സമ്പത്ത് കട്ട് മുടിച്ചു പുറം നാടുകളില്‍ കൊണ്ടുപോയി ഒളിപിച്ചു വെക്കുന്നു. നാടിന്‍റെ സമ്പത്ത് (പെട്രോള്‍, ഗ്യാസ്, ഇരുമ്പ് അയര് ....... ) കുത്തക മുതലാളിമാര്‍ക് തീരെയുതി കൊടുക്കുന്നു. ഇതിനെതിരെ ഉയര്‍ന്നു വരുന്നവരെ തീവ്രവതി എന്ന ഓമനപേരിട്ടു വെടിവെച്ചു കൊല്ലുന്നു. എന്‍റെ അഭിപ്രായത്തില്‍ ഈ നാട് നമ്മോടു ആവിശ്യപെടുന്നത് ഒരു മുന്നാം പ്രക്ഷോഭം മാണ്. തികച്ചും അഹിംസയില്‍ അതിസ്ട്ടിതാമായ ഒരു വിപ്ലവം . ഭരികുന്നവര്‍ക്ക് ചോരയില്‍ മുക്കികൊല്ലാന്‍ പറ്റാത്ത ഒരു വിപ്ലവം

പഞ്ചാരകുട്ടന്‍ -malarvadiclub said...

പിന്നെ ഈ പണിക്കു വേറെ ആരെ കിട്ടും

ഷാജു അത്താണിക്കല്‍ said...

സത്യത്തില്‍ ഇവിടെ ആരു ഭരിച്ചാലും ഇതാണ് സമ്പവം
ക്രിമിനലുകള്‍ മാത്രമല്ലാ കൊടും കള്ളന്മാരുമാണിവിടെയുള്ളത്