1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, November 27, 2010

മിനയുടെ മനസ്സറിഞ്ഞ ഹജ്ജ്‌ വളണ്ടിയര്‍മാര്‍

ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ഹാജിമാരെ സേവിക്കാന്‍ വേണ്ടി, കഴിഞ്ഞ പത്തു വര്‍ഷമായി ഹജ്ജ്‌ കാലത്തും മറ്റും രംഗത്തിറങ്ങുന്ന ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ സേവനം പ്രശംസനീയമാണ്.

ഗള്‍ഫിലും നാട്ടിലും കുടുംബവുമൊത്തുള്ള പെരുന്നാള്‍ ആഘോഷം മാറ്റിവെച്ചും, ഒരാഴ്ചത്തെ ഹജ്ജ് അവധി ഉപയോഗപ്പെടുത്തികൊണ്ടും സേവന സന്നദ്ധരായി മിനയില്‍ എത്തുന്നവരില്‍ വ്യത്യസ്ത പ്രായക്കാരും വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരും സ്വന്തമായി ബിസിനസ്സ് നടത്തുന്നവരുമൊക്കെയുണ്ട്. അല്ലാഹുവിന്റെ അതിഥികളെ പരിചരിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയും അവരുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയും അതുവഴി കിട്ടുന്ന പുണ്യവും ഉദ്ദേശിച്ചാണ് ഹജ്ജ് വളണ്ടിയര്‍മാര്‍ സേവന രംഗത്തിറങ്ങുന്നത്.

സ്വദേശികളെക്കാള്‍ വിദേശികളുള്ള ഈ രാജ്യത്ത് സേവന സന്നദ്ധരായി രംഗത്ത് വരുന്ന കേരളീയ സമൂഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ഇതര രാഷ്ട്രക്കാര്‍ക്ക് തന്നെ മാതൃകയായാണ്.

ഊണും ഉറക്കവുമൊഴിച്ചു രാപകല്‍ ഭേദമന്യേ പ്രാദേശിക ഹജ്ജ്‌ വളണ്ടിയര്‍മാര്‍ കൂട്ടം തെറ്റിയ ഹാജിമാരെ തമ്പുകളിലെത്തിച്ചും വഴി പറഞ്ഞു കൊടുത്തും ഹജ്ജിന്റെ വിവിധ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ സഹായിച്ചും, രോഗികളായവരെ ആശുപത്രികളിലെത്തിച്ചും വ്യാപ്രതരാകുമ്പോള്‍ നാട്ടില്‍ നിന്നും വന്ന ഹജ്ജ്‌ വളന്റിയര്മാര്‍ക്ക് അറബി സംസാര ഭാഷ പരിജ്ഞാനമില്ലാത്തതിനാല്‍ തമ്പുകളിലേക്ക് പ്രവേശിക്കാന്‍ വരെ സാധിക്കാറില്ല. കുറച്ചു മുമ്പ് മിനയിലെ ഇന്ത്യന്‍ ഹജ്ജ്‌ മിഷന്‍റെ നമസ്കാര ഹാളില്‍ പനിപിടിച്ചു പരവശനായ ഒരു ഹജ്ജ്‌ വളന്റിയര്‍ക്കു ജിദ്ദ ഹജ്ജ്‌ വെല്‍ഫയര്‍ ഫോറം വിതരണം ചെയ്തിരുന്ന ഭക്ഷണപ്പാക്കറ്റ്‌ എത്തിച്ചു കൊടുത്തപ്പോള്‍ അദ്ധേഹത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.
മിനയില്‍ തങ്ങളുടെ യുനിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കാതെ മുങ്ങി നടക്കുന്ന വളണ്ടിയര്‍മാരും ധാരാളം. ഇവരൊക്കെയാണ് നൂറുകണക്കിന് ഹാജിമാര്‍ക്ക് വളണ്ടിയര്‍മാരായി നാട്ടില്‍ നിന്നും വരുന്നത്.

എന്നാല്‍ "വമി" (WAMY)പോലുള്ള അന്താരാഷ്ട്ര സേവന സംഘടനകള്‍ അവരുടെ നിശ്ചിത ക്വാട്ടക്കനുസരിച്ച് മലയാളി കൂട്ടായ്മകള്‍ക്ക്‌  വരെ തിരിച്ചറിയല്‍ കാര്‍ഡുകളും യുനിഫോമുകളും മറ്റു സഹായങ്ങളും നല്‍കി പ്രോല്‍സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ പ്രധാന ഭാരവാഹികള്‍ക്ക് പോലും ഒരു തിരിച്ചറിയല്‍ കാര്‍ഡോ വളണ്ടിയര്‍മാര്‍ക്ക് സൌജന്യമായി ജാക്കറ്റോ നല്‍കാന്‍ പോലും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തയ്യാറാകാറില്ല എന്നത് ഏറെ ഖേദകരം തന്നെ. പക്ഷെ കാര്‍ഗിലില്‍ മരിച്ച സൈനികരുടെ ശവപ്പെട്ടിയില്‍ വരെ അഴിമതി നടത്താന്‍ മടിക്കാത്തവര്‍ പ്രതിഫലേച്ഛ കൂടാതെ സേവനം ചെയ്യുന്ന ആയിരക്കണക്കിന് ഹജ്ജ് വളണ്ടിയര്‍മാരുടെ പേരില്‍ എത്ര തുകയാണ് വീതം വെച്ചെടുക്കുന്നതെന്നും ആലോചിച്ചു പോകുകയാണ്. 
 (G.Madhyamam 21 Nov. 2010)


2 comments:

Anonymous said...

may allah give u good reward-- ibru ... basheer

Anonymous said...

It is not WAMI, but WAMY