1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, September 6, 2010

'വിശ്വസ്ത ബ്രാന്‍ഡ്‌’' അവാര്‍ഡുമായി എയര്‍ ഇന്ത്യ

നമ്മുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ഇക്കൊണോമിക്‌ ടൈംസും, നെല്‍സന്‍ കമ്പനിയും ചേര്‍ന്ന് നടത്തിയ ഇക്വിറ്റി സര്‍വേയില്‍ വിശ്വസ്ത ബ്രാണ്ടായി തിരഞ്ഞെടുത്തിരിക്കുന്നു! തുടര്‍ച്ചയായി അഞ്ചാമതും ഈ സ്ഥാനം കരസ്ഥമാക്കിയ എയര്‍ ഇന്ത്യക്ക് ഇതിനു മുമ്പ് റീഡഴ്സ് ഡയജസ്റ്റിന്റെ ട്രസ്റ്റഡ് ഗോള്‍ഡ്‌ അവാര്‍ഡും ലഭിച്ചിട്ടുണ്ടത്രേ!.

എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഗള്‍ഫ്‌ റൂട്ടില്‍ പോലും നൂറു കണക്കിന് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിലൂടെ അരലക്ഷത്തോളം യാത്രക്കാരെ പെരുവഴിയിലാക്കികൊണ്ടുള്ള വിമാന കമ്പനിയുടെ പ്രയാണം തുടരുന്നത് സര്‍വേ നടത്തിയവര്‍ കാണാതെ പോകുന്നത് കഷ്ടം തന്നെ.

പ്രവാസികളെ കറവപ്പശുക്കളായി മാത്രം കാണുന്ന ഉന്നതങ്ങളില്‍ വിരാജിക്കുന്നവര്‍, കന്നുകാലി ക്ലാസിലെങ്കിലും ഒരു സീറ്റിനായി നെട്ടോട്ടമോടുന്ന ആടുജീവിതം നയിക്കുന്നവരുടെ യാത്രാ പ്രശ്നങ്ങളും മറ്റു മുറവിളികളും നിസ്സാരമായി കാണുന്ന കാലത്തോളം എയര്‍ ഇന്ത്യക്ക് ഇത്തരം അവാര്‍ഡുകള്‍ കിട്ടിക്കൊന്ടെയിരിക്കും.

കാലങ്ങള്‍ നീണ്ട മുറവിളിക്ക് ശേഷം പ്രവാസി വോട്ടവകാശത്തെ കുറിച്ച് ചില ശുഭ സൂചനകള്‍ കേട്ടപ്പോഴേക്കും അഭിനന്ദന പ്രവാഹവുമായി രംഗത്തിറങ്ങിയവര്‍ക്ക് പുതിയൊരു അവസരവും കൂടി വീണുകിട്ടിയിരിക്കുന്നു. (Gulf Madhyamam 6 Sept 2010)