1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, December 12, 2012

മഅ്ദനി: ആര് ജയിക്കും?



കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാണെന്ന കുറ്റം ചുമത്തി 3990 ദിവസം ജയില്‍ പീഡനമനുഭവിച്ചു മഅ്ദനി തന്‍റെ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്നത് 2007 ആഗസ്റ്റ്  1 നായിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സമാനമായ തിരക്കഥകളിലൂടെ ബാംഗ്ലൂര്‍ സ്ഫോടന കേസിലും പ്രതിയാക്കി വീണ്ടും ജയിലിലടച്ചിട്ട് രണ്ടു വര്‍ഷത്തിലധികമായി. കോയമ്പത്തൂര്‍ കേസിലെ ജയില്‍ മോചനത്തിന് ശേഷം സര്‍വ്വവിധ ഇന്റലിജന്‍സ്‌ കണ്ണുകളെയും വെട്ടിച്ചു മംഗലാപുരത്തെ ഇഞ്ചി തോട്ടത്തില്‍ പോയി ഗൂഡാലോചന യോഗത്തില്‍ പങ്കാളിയാകുന്നത് മുതല്‍ കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ തന്റെ ഒരു കാല്‍ നഷ്ടപ്പെടുന്നത് വരെയുള്ള തെളിവുകള്‍ നിരത്തിയാണ് തല്പരക്ഷികള്‍ വീണ്ടും കെണികള്‍ ഒരുക്കി മഅ്ദനിയെ കൂട്ടിലടച്ചത്.

തന്റെ പൂര്‍വകാല പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി മതനിരപേക്ഷ നിലപാടിലൂടെ മര്‍ദ്ദിത സമൂഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുമെന്ന്  സമൂഹത്തോട്‌ വിളിച്ചു പറഞ്ഞ  ഒരു നേതാവിനെ കേരളക്കരയില്‍ കാണാന്‍ സാധിക്കില്ല.

നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഒരു പൌരനെ സാമ്രാജ്യത്വ ഫാസിഷിസ്റ്റ്‌ ഗൂഡാലോചനയുടെ ഭാഗമായി കോഴിയെ പിടിച്ചു കൊണ്ടുപോകുന്നത് പോലെ ബംഗ്ലൂര്‍ പോലീസ് കൊണ്ടുപോയപ്പോള്‍ തിരശ്ശീലക്കു പിന്നില്‍ നിന്ന് ചിരിച്ചതും, വിജയം ആഘോഷിച്ചതും ആരൊക്കെ? ജയില്‍പീഡനത്തിലൂടെ മരണത്തിനു കീഴടങ്ങാന്‍ മാനസികമായി തയ്യാറെടുത്ത മഅ്ദനിയാണോ ജയിക്കുക അതല്ല കേരളത്തിലെ മുസ്ലിം പണ്ഡിതസാമുദായിക നേതാക്കളും സാംസ്കാരിക നായകന്മാരോ എന്നത് കാലം തെളിയിക്കും. (Published in Thejas Daily 12-12-12)



No comments: