1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, July 24, 2012

കൃത്യത നോമ്പുതുറക്ക് മാത്രം മതിയോ?!
പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ രാവുകളെ ആവുന്നത്ര പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് വിശ്വാസികള്‍. ലോകനാഥനായ ദൈവം തന്‍റെ സൃഷ്ടികള്‍ക്ക് നല്‍കിയ ജീവിത ഭരണഘടനയായ വിശുദ്ധ ഖുര്‍ആന്‍റെ അവതരണമാസമാണ് വിശുദ്ധ റമദാന്‍. വിശ്വാസികളുടെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലം നല്‍കുന്നുവെന്നതാണ് ഈ വാര്‍ഷികാചരണത്തിന്‍റെ പ്രത്യേകത. ഒരു മാസം നീണ്ട വൃതമാണ് റമദാന്‍ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാന കര്‍മ്മം.

ഒരു പ്രവര്‍ത്തിയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്ന വ്യക്തി പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ അതിനെ സമീപിക്കുമ്പോള്‍ മാത്രമാണ് അതുകൊണ്ടുള്ള യഥാര്‍ത്ഥ പ്രതിഫലവും ലക്‌ഷ്യവും കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. കൃത്യമായി നോമ്പേടുക്കാന്‍ തയ്യാറാകുന്ന ചില പ്രവാസികളുടെ നോമ്പിനെ ഒരു പരിശോധനക്ക് വിധേയമാക്കിയാല്‍ വിചിത്രമായ പല വിധ നോമ്പുരീതികളെയും നമ്മുക്ക് കാണാന്‍ സാധിക്കും.

അഞ്ചു നേരത്തെ നമസ്ക്കാരം സംഘടിതമായി നിവ്വഹിക്കാന്‍ പോലും അവസരം കണ്ടെത്താത്ത നോമ്പുകാര്‍ അനവധി. പാതിരാക്ക് തന്നെ അത്താഴം കഴിച്ചു നീട്ടി ഉറങ്ങുന്നവരും രാവിലെ ജോലിക്ക് പോകാന്‍  എഴുന്നേല്‍ക്കുമ്പോള്‍ മാത്രം പ്രഭാത നമസ്ക്കാരം നിര്‍വ്വഹിക്കുന്നവരും വിരളമല്ല. നോമ്പല്ലാത്ത കാലത്ത് പോലും കൃത്യമായി നിവ്വഹിക്കേണ്ട നിര്‍ബന്ധിത നമസ്കാരത്തിന്റെ കാര്യംതന്നെ ഇങ്ങിനെയാണെങ്കില്‍ നോമ്പുകാലത്ത് പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട ഖുര്‍ആന്‍ പാരായണം, രാത്രി നമസ്കാരം മറ്റു നിരവധി ഐശ്ചിക കര്‍മ്മങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഭേദം.

റമദാന്‍ മാസപ്പിറവിയോടെ ടിവിയും വിസിആറും മൂടിക്കെട്ടി വെച്ചിരുന്ന പഴയ കാലം വാര്‍ത്താ ചാനലുകളുടെ വരവോടെ പഴങ്കഥയായി. അതിനാല്‍ ഒഴിവു സമയം മുഴുവനും ടിവികണ്ടും സോഷ്യല്‍ നെറ്റ്വര്‍ക്കുമായി കമ്പ്യൂട്ടറിലും മൊബൈലിലുമായി വിലപ്പെട്ട സമയം കളഞ്ഞു കുളിക്കുകയാണ് പല നോമ്പുകാരും. അഥവാ റമദാനുമായി ബന്ധപ്പെട്ട് കൃത്യമായി നടക്കുന്ന ഒരേയൊരു കാര്യം നോമ്പുതുറ മാത്രമായി മാറുകയാണോ? (Published in G.Madhyama 24-7-12)


No comments: